കൊല്ലം: ഹെല്‍മറ്റ് വെയ്ക്കാതെ ബൈക്കില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്ത വയോധികനെ എസ്ഐ ബലമായി കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുകയും ബാലപ്രയോഗത്തിനിടെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
ജില്ലാപോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് എസ്ഐയെ സ്ഥലംമാറ്റിയിട്ടുണ്ട്.
ചടയമംഗലം സ്റ്റേഷനിലെ പ്രബോഷൻ എസ്എെ ഷജീമിനെയാണ് സ്ഥലം മാറ്റിയത്. കഠിന പരിശീലനത്തിന് കെഎപി അഞ്ചാം ബറ്റാലിയനിലേക്കാണ് മാറ്റാൻ റ ൂറൽ എസ്പി ഉത്തരവിട്ടത്.
ആർഎസ്പി ഇട്ടിവ ലോക്കൽകമ്മിറ്റി സെക്രട്ടറി മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പോലീസ് മര്‍ദിച്ചത്. അടിയേറ്റ രാമാനന്ദന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെയോടെയാണ് രാമാനന്ദനും സുഹൃത്തും ജോലിക്ക് പോകുന്നതിനായി ബൈക്കില്‍ എത്തിയപ്പോഴാണ് സംഭവം. ഹെല്‍മറ്റ് ഇല്ലാതിരുന്ന ഇരുവര്‍ക്കും ആയിരം രൂപ പോലീസ് പിഴ ഇട്ടു.
എന്നാല്‍ ജോലിക്കായി പോകുന്നുവെന്നും ഇപ്പോള്‍ തങ്ങളുടെ കൈവശം തുകയില്ലെന്നും ഇരുവരും അറിയിച്ചു.കോടതിയില്‍ പിഴ ഒടുക്കാം എന്നും ഇവര്‍ പറഞ്ഞു.
ഈ സമയം എസ്ഐ ഇരുവരുടെയും മൊബൈല്‍ഫോൺ ആവശ്യപ്പെടുകയും ഇതുകൊടുക്കാതെ മാറി നിന്ന രാമാനന്ദനെ ബലമായി പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
അതേസമയം വയോധികനെ മര്‍ദിച്ചത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.
റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബി വിനോദിനാണ് അന്വേഷണ ചുമതല. മാസങ്ങള്‍ക്ക് മുമ്പ് കടയ്ക്കലിന് സമീപം വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികനെ എറിഞ്ഞുവീഴ്ത്തി എന്ന് ആരോപിച്ചു നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
വാഹന പരിശോധനക്കിടെ ജനങ്ങളോട് പോലീസുകാര്‍ മാന്യമായി പെരുമാറണം എന്ന ഉത്തരവ് നിലനില്‍ക്കെ ആണ് ചടയമംഗലത്ത് വയോധികന്റെ കരണത്ത് അടിക്കുകയും ജീപ്പിലേക്കു തള്ളിയിടുകയും ചെയ്ത സംഭവം ഉണ്ടായത്.