ബാഹുബലി ഒന്നാം ഭാഗം തിയറ്ററുകളിലെത്തിയതിനു ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒരു ചോദ്യത്തിന്റെ ഉത്തരത്തിനായി വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്.
എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചോദ്യം. ഷൂട്ടിംഗിന്റെ ഇടയിലും ഈ ചോദ്യത്തിന്റെ ഉത്തരം പുറത്താകാതെ നോക്കാൻ അണിയറ പ്രവർത്തകർ ശ്രമിച്ചു.
രണ്ടാം ഭാഗം ഇറങ്ങുംവരെ അക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ ബാഹുബലി പ്രവർത്തകർക്കായി. അതാണ് ആ ചിത്രത്തിന്റെ മഹാ വിജയത്തിന് കാരണവും.
ആയിരം കോടിയിലധികം കളക്ഷൻ നേടി ചരിത്രമായി മാറിയ സിനിമയിലെ ആ രഹസ്യം കട്ടപ്പയായി അഭിനയിച്ച സത്യരാജ് കുടുംബത്തോട് പോലും വെളിപ്പെടുത്തിയിരുന്നില്ലെന്ന് മകൾ ദിവ്യാ സത്യരാജ് ഒരിക്കൽ പറഞ്ഞു.
അടുത്ത സുഹൃത്തുക്കളെപോലെയാണ് ഞാനും അച്ഛനും. കുട്ടിക്കാലം മുതൽ സിനിമയുടെ കഥകൾ അച്ഛൻ പറഞ്ഞു തരുമായിരുന്നു. അമ്മയും സഹോദരനുമടക്കം എല്ലവരും കഥാപാത്രത്തെക്കുറിച്ചുള്ള അഭിപ്രായവും തിരിച്ചുപറയും.
ബാഹുബലിയുടെ വണ്ലൈൻ പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടായി. പക്ഷേ അച്ഛൻ അത് സ്വീകരിക്കുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. കാരണം ബാഹുബലി സ്വീകരിച്ചാൽ കുറേ നാൾ ഹൈദരാബാദിൽ തങ്ങേണ്ടി വരും.
പലപ്പോഴും ഒൗട്ട്ഡോർ ഷെഡ്യൂളിലിൽ ഒന്നോ രണ്ടോ ദിവസത്തെ സോംഗ് ചിത്രീകരണത്തിൽ മാത്രമായിരുന്നു അച്ഛൻ പങ്കെടുക്കാറുണ്ടായിരുന്നത്.ബാഹുബലി ആദ്യ ഭാഗം ഇറങ്ങിയതു മുതൽ എല്ലാവരും എന്നോട് ചോദിച്ചിരുന്നത് കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നായിരുന്നു.
അച്ഛൻ അത് എന്നോടു പറഞ്ഞിരുന്നുവെന്ന് ചിലർ വിശ്വസിച്ചു. പക്ഷേ അച്ഛനോട് ഞാൻ അക്കാര്യത്തെക്കുറിച്ച് ഒരിക്കൽ പോലും ചോദിച്ചിരുന്നില്ല. എന്തിനായിരിക്കും കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന് ഉൗഹിച്ച് പറഞ്ഞ് അച്ഛന്റെ മുന്പിൽ ഞാനും സഹോദരനും കളിക്കുമായിരുന്നു.
മറ്റുള്ളവരോട് അക്കാര്യം പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു. എന്നാൽ അദ്ദേഹം വെറുതെ പുഞ്ചിരിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. ഒന്നും പറയുമായിരുന്നില്ല.
ഞങ്ങൾ എത്ര ശല്യപ്പെടുത്തിയാലും അദ്ദേഹം ആ രഹസ്യം പറയുമായിരുന്നില്ല. സിനിമ കണ്ടതിനു ശേഷമാണ് ഞങ്ങളും ആ രഹസ്യം അറിഞ്ഞത്. ഇതുമാത്രമാണ് അച്ഛൻ ഞങ്ങളിൽ നിന്നു മറച്ചുവച്ച ഒരേയൊരു രഹസ്യമെന്നും ദിവ്യ സത്യരാജ് പറഞ്ഞു. -പി.ജി