പരിയാരം(കണ്ണൂർ): മീന്വില്പനയില് സഹായിയായി കൂടിയ യുവാവ് ഒടുവില്‍ മീന്‍ വില്‍പ്പനക്കാരന്റെ മകളുമായി മുങ്ങി. പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലെ 19കാരിയാണ് പിതാവിന്റെ സഹായിയായി കൂടിയ പയ്യന്നൂരിലെ യുവാവിനൊപ്പം സ്ഥലം വിട്ടത്.
മീന്വില്പ്പനയ്ക്കു സഹായിയായി കൂടെക്കൂട്ടിയ യുവാവിനെപ്പറ്റി മീന്വില്പ്പനക്കാരനു നല്ല അഭിപ്രായമായിരുന്നു. നല്ല ഉത്തരവാദിത്വ ബോധമുള്ള ചെറുപ്പക്കാരനെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ആ ഉത്തരവാദിത്വബോധം തന്റെ മകളുടെ കാര്യത്തിലും കാണിക്കുമെന്ന് ഇയാള്‍ ചിന്തിച്ചതേയില്ല. ഇരുവരും തമ്മില്‍ സംസാരിക്കുന്നതും തമാശകള്‍ പറയുന്നതും കണ്ടിരുന്നുവെങ്കിലും ഇയാളൊട്ടും സംശയിച്ചതുമില്ല.
പക്ഷേ, കരിമീനും ചെമ്മീനും അയലയും മത്തിയും പൊതിഞ്ഞുകൊടുക്കുന്നതിനിടയില്‍ അവന് തന്റെ മകളുമായി ഇത്രയും അടുക്കുമെന്നും ആ അടുപ്പം പൂവിട്ടും തളിരിട്ടും പ്രണയമായി മാറിയെന്നും മീന്വില്പ്പനക്കാരൻ തിരിച്ചറിഞ്ഞതു കഴിഞ്ഞ ദിവസമാണ്.
കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ മീന്‍കച്ചവടത്തിനായി പോകാനിറങ്ങുന്ന സമയമായിട്ടും മകളെ കാണാത്തതിനെത്തുടര്‍ന്നു പെൺകുട്ടിയുടെ മുറിയിലെത്തിയപ്പോഴാണ് അച്ഛൻ ഞെട്ടിയത്. മുറിയിൽ ആളില്ല.
പുറത്തെല്ലാം നോക്കിയിട്ടും കണ്ടെത്താനുമായില്ല. തന്റെ സഹായിയെയും കാണാതായതോടെ മീന്വില്പനക്കാരന് നടത്തിയ അന്വേഷണത്തിലാണ് കൂടെക്കൂടിയവന് തനിക്ക് എട്ടിന്റെ പണിതന്നു മകളെയും കൂട്ടി സ്ഥലം വിട്ടതാണെന്ന് മനസിലായത്.
പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.