കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലും ലൈഫ് മിഷന് ക്രമക്കേടിലും സംസ്ഥാന സര്‍ക്കാരിനെതിരേ കേന്ദ്രഏജന്‍സികളുടെ മാരത്തണ്‍ അന്വേഷണം നടക്കുന്നതിനിടെ ഗുരുതര ആരോപണവുമായി ബിജെപി.
കേന്ദ്രമന്ത്രി വി.മുരളീധരനാണ് കേരള കരകൗശല വികസന കോര്‍പറേഷനെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കരകൗശല വികസന കോര്പറേഷന് 11 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് മന്ത്രി ഉന്നയിച്ചത്.
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരാതി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ കരകൗശല വിദഗ്ധരായ 18,000 പേര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ 10,000 രൂപ വിലയുള്ള ടൂള്‍ കിറ്റ് വാങ്ങാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.
കേരള കരകൗശല വികസന കോര്‍പറേഷനെയാണ് 18 കോടി രൂപയുടെ പദ്ധതി നടത്തിപ്പിനായി നിയോഗിച്ചത്. എന്നാല്‍ കോര്പറേഷന് 4,000 രൂപയുടെ ടൂള്‍ കിറ്റാണു വാങ്ങിയത്.
11 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇതുവഴി നടന്നിരിക്കുന്നത്. ഇത് ആരൊക്കെയാണു വീതിച്ചെടുത്തത് എന്നു കണ്ടെത്തുകയെന്നതാണ് ലക്ഷ്യം. പരാതിയില്‍ ആദ്യഘട്ടത്തില്‍ വകുപ്പ്തല അന്വേഷണമാണ് നടക്കുക.
ആവശ്യമെങ്കില്‍ സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളാണ് അന്വേഷിക്കുക. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കരകൗശല വികസന കോര്‍പറേഷനെ ആരോപണസ്ഥാനത്ത് നിര്‍ത്തിയുള്ള കേന്ദ്ര അന്വേഷണം സര്‍ക്കാറിനെ പ്രതികൂലമായി ബാധിക്കും.
ഏത് അന്വേഷണമാണ് ഇക്കാര്യത്തില്‍ നടക്കുകയെന്നതാണ് സിപിഎം ഉറ്റുനോക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രചാരണം ശക്തമാക്കാനും ബിജെപി ആലോചിക്കുന്നുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്.