
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടി ശാഖയിലാണ് പരിശോധന നടത്തുന്നത്.
ചേവായൂര്‍ സിഐ ടി.പി.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ പരിശോധന ആരംഭിച്ചത്. രേഖകള്‍ കണ്ടെത്തുന്നതിനും പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും സൈബര്‍ സെല്‍ വിദഗ്ധരേയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചേവായൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രമാണ് പാറോപ്പടിയില്‍ പരിശോധന നടത്തുന്നത്. 82 പരാതികളാണ് ഇതുവരെ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് സിഐ ‘രാഷ്ട്രദീപിക’യോട് പറഞ്ഞു. ഇതില്‍ 20 പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ചേവായൂര്‍ പോലീസിന് പുറമേ കോഴിക്കോട് സിറ്റിയില്‍ കസബ, നടക്കാവ്, മാവൂര്‍ സ്റ്റേഷനുകളിലും പരാതികളുണ്ട്. ഈ ബ്രാഞ്ചുകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും.
നടക്കാവ് ശാഖയില്‍ കഴിഞ്ഞ ദിവസം തന്നെ പരിശോധനകള്‍ പൂര്‍ത്തിയായെന്നും രേഖകകള്‍ കസ്റ്റഡിയിലെടുത്തെന്നും എസ്ഐ കൈലാസ് നാഥ് അറിയിച്ചു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് പരമാവധി തെളിവുകള്‍ ശേഖരിക്കുന്നത്.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്.
അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.
പരാതികള്‍ സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയും അതത് ലോക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഓഫീസുകളില്‍ പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കാനുമാണ് പോലീസ് തീരുമാനം.
നേരത്തെ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമായിരുന്നു കേസ് അന്വേഷിച്ചത്. അഞ്ചു പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നു.
സംസ്ഥാനത്ത് രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. വിദേശരാജ്യങ്ങളിലടക്കം പ്രതികള്‍ നിക്ഷേപങ്ങള്‍ നടത്തിയതിനാല്‍ അന്വേഷിക്കാന്‍ പോലീസിന് പരിമിതികളുണ്ട്.
ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിട്ടത്. ആദ്യഘട്ടത്തില്‍ തട്ടിപ്പിനിരയായവരുടെ പരാതികളില്‍ ഒറ്റ എഫ്ഐആര്‍ മതിയെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഓരോ പരാതിക്കും പ്രത്യേക കേസും എഫ്ഐആറും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ വീണ്ടും പരാതിക്കാരുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ തന്നെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.