കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന് ടോവിനോ തോമസ് സുഖം പ്രാപിക്കുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിഞ്ഞുവന്ന താരത്തെ മുറിയിലേക്കു മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണു താരത്തെ ഐസിയുവില്‍നിന്ന് മാറ്റിയത്. താരത്തിന് വരും ദിവസങ്ങളില്‍ പതിയെ സാധാരണനിലയിലേക്ക് എത്താന്‍ കഴിയുമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വയറില്‍ പരുക്കേറ്റ ടോവിനോയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്നാണു 48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്കു മാറ്റിയത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് പിറവത്തെ സെറ്റില്‍വച്ചാണു ടോവിനോയ്ക്കു പരിക്കേറ്റത്.