തൃശൂർ: അനിൽ അക്കര എംഎൽഎയ്ക്കെതിരേ ’നീതു ജോണ്സണ്’ എന്ന പെണ്‍കുട്ടിയുടെ പേരിൽ വ്യാജ കത്തയച്ചെന്ന് ആരോപിച്ചുള്ള പരാതിയിൽ പൊലീസ് കേസെടുത്തു.
വടക്കാഞ്ചേരി പോലീസാണ് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ കേസെടുത്തത്. എംഎൽഎ അനാവശ്യ വിവാദം ഉണ്ടാക്കുന്നതു മൂലം ലൈഫ് മിഷനിൽ താൻ ഉൾപ്പെടെയുള്ളവർക്ക് അർഹമായ വീട് നഷ്ടമായെന്ന് ആരോപിച്ചായിരുന്നു നീതു ജോണ്‍സണിന്റെ കത്ത്.
കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, അനിൽ അക്കര നീതു ജോണ്‍സനെ കാത്ത് വഴിയരികിലിരുന്നു. രമ്യാ ഹരിദാസ് എംപി അടക്കമുള്ളവരും ഈ സമരത്തിനുണ്ടായിരുന്നു.
നീതു ജോണ്സണ് വന്നാൽ, അവർക്ക് സ്വന്തം നിലയിൽ ഭൂമിയും വീടും ഉറപ്പാക്കാമെന്ന വാഗ്ദാനത്തോടെയാണ് അനിൽ അക്കര എംഎൽഎ കാത്തിരുന്നത്. ആരും വന്നില്ല. തുടർന്നാണ് അനിൽ അക്കര, ഇത് വ്യാജ പ്രചാരണമാണെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്.
ലൈഫ് മിഷൻ പദ്ധതിക്കെതിരെ അനിൽ അക്കര ആരോപണങ്ങൾ തുടർന്നതോടെയാണ് ഓഗസ്റ്റ് 23 മുതൽ നീതു ജോണ്സണ് എന്ന പെണ്‍കുട്ടിയുടെ പേരിൽ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചു തുടങ്ങിയത്.
സിപിഎം സൈബർ പ്രചാരകരാണ് പോസ്റ്റ് പ്രചരിച്ചത്. ടെക്സ്റ്റൈൽ കടയിലാണ് അമ്മ ജോലി ചെയ്യുന്നത്. സ്വന്തമായി വീടോ പുരയിടമോ ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്മ വോട്ട് ചെയ്തത് എംഎൽഎക്കാണ്.
ലൈഫ് പദ്ധതിയെ വിമർശിച്ച് ദയവ് ചെയ്ത് കിട്ടുന്ന വീട് ഇല്ലാതാക്കരുത്. പുറന്പോക്കിൽ കഴിയുന്ന ഞങ്ങൾക്ക് അടച്ചുറപ്പുള്ള വീട് വേണം – ഫേസ്ബുക്കിൽ പ്രചരിച്ച കത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു.