സണ്ണി പാത്തിക്കൽ
2019 ജൂണ്‍ മാസത്തിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെൻമാർക്ക്, ഫിൻലൻഡ്, സ്വീഡൻ, നോർവെ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിച്ചത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നു.
യാത്രയുടെ നാലാമത്തെ ദിവസമായിരുന്നു ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നിന്ന് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലേക്കുള്ള യാത്ര. ഹെൽസിങ്കി തുറമുഖത്തുനിന്ന് സമീപ രാജ്യങ്ങളിലേക്ക് ധാരാളം ഫെറി സർവീസുകൾ ഉണ്ട്.
വിവിധ സ്ഥലങ്ങളിൽ നിന്ന് കപ്പലുകൾ തുറമുഖത്തേക്കു വരികയും പോവുകയും ചെയ്യുന്ന കാഴ്ച ആകർഷണീയമാണ്.കപ്പലിൽനിന്നുള്ള ഹെൽസിങ്കി കത്തീഡ്രലിന്റെ ദൃശ്യം വേറിട്ടൊരു കാഴ്ചയായി.
എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലൂടെ കപ്പൽ അതിന്റെ പ്രയാണം തുടർന്നു. പിറ്റേന്ന് പ്രഭാതത്തിൽ എട്ടുമണിയോടടുത്താണ് കപ്പൽ സ്റ്റോക്ക്ഹോമിലെത്തിച്ചേർന്നത്. തുടർന്നുള്ള യാത്ര ഞങ്ങളുടെ ഗൈഡ് പറഞ്ഞിരുന്നപ്രകാരം വാസ എന്ന ചരിത്രപ്രാധാന്യമുള്ള മ്യൂസിയത്തിലേക്കായിരുന്നു.
സ്റ്റോക്ക്ഹോമിലെ ജൂർ ഗോർഡൻ ദ്വീപിലെ റോയൽ നാഷണൽ സിറ്റി പാർക്കിലാണ് നൂറ്റാണ്ടുകളുടെ സ്മൃതികൾ ഉറങ്ങുന്ന വാസ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
സ്കാൻഡിനേവിയയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന മ്യൂസിയമാണ് വാസ. 1628 മുതൽ ചരിത്രം കൈയൊപ്പ് ചാർത്തി സംരക്ഷിച്ചുപോരുന്ന യുദ്ധക്കപ്പലായ വാസയുടെ ചരിത്ര ഏടുകളിലേക്ക് ആരെയും കൂട്ടിക്കൊണ്ടുപോകുന്ന സ്മാരക മന്ദിരമാണ് വാസ മ്യൂസിയം.
സ്വീഡിഷ് നാഷണൽ മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് മ്യൂസിയങ്ങളുടെ ഭാഗമാണ് വാസ മ്യൂസിയമെങ്കിലും മറ്റ് മ്യൂസിയങ്ങളേക്കാൾ ചരിത്രപരവും വ്യത്യസ്തവുമായ ഒരു മ്യൂസിയമായിത്തീരുന്നത്, ഒരു ജനതയുടെ കണ്ണീർ വീണ ചരിത്രമായതുകൊണ്ടാണ്.
വാസ മ്യൂസിയത്തിലേക്കു പ്രവേശനപാസെടുത്ത് കയറുന്പോൾ മറ്റേതോ ലോകത്തിൽ എത്തിച്ചേർന്ന അനുഭവമാണ് ആർക്കും ഉണ്ടാവുക.
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് നിർമിച്ച സ്വീഡിഷ് യുദ്ധക്കപ്പലായ വാസയുടെ അതിമനോഹരമായ ദൃശ്യമാണ് മ്യൂസിയത്തിൽ പ്രവേശിക്കുന്ന ആരെയും ആദ്യംതന്നെ എതിരേൽക്കുന്നത്.
നിർമാണം
സ്വീഡിഷ് രാജാവായ ഗുസ്താവ് രണ്ടാമൻ അഡോൾഫിന്റെ ആജ്ഞയാൽ 1626 ലാണ് വാസയുടെ നിർമാണംആരംഭിച്ചത്. ഹെൻറിക് ഹൈബർട്ട്സണും ബിസിനസ് പങ്കാളിയായ അരേണ്ട് ഡിഗ്രുട്ടുമായിട്ടായിരുന്നു ഗുസ്താവ് രാജാവ് കപ്പൽ നിർമാണത്തിന്റെ കരാർ ഒപ്പുവച്ചത്.
സൈനികശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാസയുടെ നിർമാണം ആരംഭിച്ചത്. പോളിഷ് – ലിത്വാനിയൻ യുദ്ധ പശ്ചാത്തലത്തിൽ യുദ്ധക്കപ്പൽ നിർമാണം അനിവാര്യമായിരുന്നുതാനും.
ആദ്യം ഒരു ചെറിയ കപ്പലിന്റെ നിർമാണമാണ് രാജാവ് ഉദ്ദേശിച്ചിരുന്നതെങ്കിലും കപ്പൽ നിർമാണം പുരോഗമിക്കുന്തോറും രാജാവിന്റെ നിർദേശമനുസരിച്ച് അടിക്കടി മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. തിരുവായ്ക്ക് എതിർവായ് ഇല്ലാത്തതുപോലെ കാര്യങ്ങൾ നീങ്ങി.
1627 ൽ ഹെൻറിക് ഹൈബർട്ട്സണ് നിര്യാതനായതിനെത്തുടർന്ന് അദ്ദേത്തിന്റെ ശിഷ്യനായ ഹെയ്ൻ ജാതോബ്സനെ രാജാവ് കപ്പലിന്റെ ചുമതല ഏൽപ്പിച്ചു.
69 മീറ്റർ നീളവും 50 അടി ഉയരവും 1200 ടണ്‍ ഭാരവുമുണ്ടായിരുന്ന വാസ പണിപ്പുരയിലാക്കിക്കഴിഞ്ഞപ്പോഴേക്കും ഒരു വലിയ യുദ്ധക്കപ്പലായി മാറിക്കഴിഞ്ഞിരുന്നു.
10 ബോട്ടുകളും 64 പീരങ്കികളും 120 ടണ്‍ ഭാരവും നൂറുകണക്കിന് ശില്പങ്ങളും സൂക്ഷിച്ചിരുന്ന വാസ ഒട്ടേറെ സവിശേഷതകളുള്ള യുദ്ധക്കപ്പലായിരുന്നു.
സ്വീഡിഷ് രാജകുടുംബങ്ങളുടെ മഹത്വത്തെ പ്രകീർത്തിക്കുന്ന കൊത്തുപണികൾകൊണ്ടാണ് കപ്പലിലെ തടികൾ അലങ്കരിച്ചിരുന്നത്. കപ്പൽ നിർമാണം പൂർത്തിയായതോടെ ലോകത്തിലെ ഏറ്റവും
ഹൈടക് യുദ്ധക്കപ്പൽ എന്ന വിശേഷണമാണ് വാസയ്ക്ക് ലഭിച്ചത്.
കന്നിയാത്ര
1628 ഓഗസ്റ്റ് പത്തിനാണ് വാസ അതിന്റെ ആദ്യ യാത്രയ്ക്കായി നിശ്ചയിച്ചിരുന്നത്. കപ്പലിന്റെ നിർമാണവേളയിൽ ഗുസ്താവ് രണ്ടാമൻ അഡോൾഫ് രാജാവ് നടത്തിയ തുടർച്ചയായ നിർദേശങ്ങളം പരിഷ്കാരങ്ങളും കപ്പലിനെ സാരമായി ബാധിച്ചു എന്ന സത്യം രാജപ്രീതിക്ക് കോട്ടം വരുത്തുമെന്നു കരുതി കപ്പൽ നിർമാതാക്കൾ വിസ്മരിച്ചത് വാസയെ ഒരു ചരിത്ര ദുരന്തമാക്കി മാറ്റി.
ചെറിയ കപ്പൽ നിർമിക്കുക എന്ന ആദ്യ പദ്ധതിയിൽ മാറ്റം വരുത്തി വലിയ കപ്പലായപ്പോൾ സംഭവിച്ച പോരായ്മകൾ കപ്പലിന്റെ മേൽനോട്ടം വഹിച്ചിരുന്ന ക്യാപ്റ്റൻ സോഫ്രിംഗ് ഹാൻസണെ വേട്ടയാടാൻ തുടങ്ങി.
കപ്പൽ പുറപ്പെടാൻ ഏതാനും നാൾ ബാക്കിനിൽക്കെ ക്യാപ്റ്റൻ സോഫ്രിംഗ് ഹാൻസണ്‍ വൈസ് അഡ്മിറൽ ഫ്ളെമിംഗിനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും കപ്പലിനെ സംബന്ധിച്ചുള്ള തന്റെ ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്തു.
വാസ എന്ന യുദ്ധക്കപ്പൽ കാഴ്ച യ്ക്ക് മനോജ്ഞമാണെങ്കിലും അശാസ്ത്രീയമായ നിർമാണവൈകല്യങ്ങളാൽ സഞ്ചാരയോഗ്യമല്ലെന്നുള്ള തന്റെ നിഷ്പക്ഷമായ അഭിപ്രായം അഡ്മിറലിനോട് ക്യാപ്റ്റൻ വിശദീകരിച്ചു. പിന്നീട് അവരിരുവരും കപ്പൽ ബലക്ഷയമുള്ളതാണോ എന്ന് സ്ഥിരീകരിക്കാനായുള്ള പരീക്ഷണങ്ങളിലേക്കു കടന്നു.
മുപ്പതോളം ആളുകളെ കപ്പലിന്റെ മുകൾത്തട്ടിൽ കുറുകെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചപ്പോൾ കപ്പൽ അപകടകരമാംവിധം ചലിക്കാൻ തുടങ്ങി.
ആ ഓട്ടം തുടർന്നാൽ വാസ മുങ്ങുമെന്ന യാഥാർഥ്യം മനസിലാക്കിയ ഫ്ളെമിംഗ് ഓട്ടം നിർത്താൻ ആവശ്യപ്പെടുകയും പരീക്ഷണം അവസാനിപ്പിക്കുകയും ചെയ്തു. ആളുകൾ ഓട്ടം നിർത്തിയപ്പോൾ വാസയുടെ ചലനം നിലയ്ക്കുകയും കപ്പൽ സാധാരണ സ്ഥിതിയിലാവുകയും ചെയ്തു.
കപ്പലിന്റെ അപകടകരമായ അവസ്ഥയിൽ ആധിപൂണ്ട ക്യാപ്റ്റൻ ഹാൻസണ്‍, വാസയിലെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പിൻമാറാൻ ശ്രമിക്കുകയും അഡ്മിറൽ ഫ്ളെമിംഗിനെ വിവരം അറിയിക്കുകയും ചെയ്തു.
എന്നാൽ ഫ്ളെമിംഗാകട്ടെ ഗുസ്താവ് രാജാവിനെ വിവരം അറിയിക്കുകയും വാസയിൽനിന്ന് പിൻമാറാനുള്ള ക്യാപ്റ്റന്റെ തീരുമാനത്തെ രാജാവിന്റെ അനുമതിയോടെ തള്ളിക്കളയുകയുമാണുണ്ടായത്.
രാജാവിന്റെ ആജ്ഞയെ ധിക്കരിക്കാൻ മനസുവരാത്ത ഹാൻസണ്‍ കപ്പലിന്റെ ബലക്ഷയം സംബന്ധിച്ച യാഥാർഥ്യത്തെ തള്ളിക്കളയുകയും വാസ എന്ന യുദ്ധക്കപ്പലിന്റെ ക്യാപ്റ്റനായി തുടരുകയും ചെയ്തു.
മുൻ നിശ്ചയപ്രകാരമുള്ള 1628 ഓഗസ്റ്റ് പത്തിനു കപ്പലിന്റെ കന്നിയാത്രയുടെ ദിനം ആഗതമായി.
മുങ്ങുന്നു
വാസയുടെ സഞ്ചാരം കാണാൻ സ്വീഡീഷ് ജനത ഒന്നാകെ തുറമുഖത്തു തടിച്ചുകൂടി. കപ്പൽ മുന്നോട്ടു ചലിക്കാൻ തുടങ്ങിയപ്പോൾ അതു കണ്ടുനിന്ന ജനങ്ങളുടെ ആമോദത്തിന് ശക്തി വർധിച്ചു.
എന്നാൽ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. നിനച്ചിരിക്കാത്ത നേരത്ത് പ്രതികൂലങ്ങൾ രൂപപ്പെടാൻ തുടങ്ങി. കപ്പൽ 1300 മീറ്റർ മാത്രം പിന്നിട്ടപ്പോൾ വീശിയകാറ്റ് കപ്പലിനെ തുറമുഖത്തേക്കുതന്നെ തിരികെ കൊണ്ടുവന്നു.
കപ്പൽ പൊടുന്നനെ ചെരിയുകയും മിനിറ്റുകൾക്കുള്ളിൽ വാസ എന്ന യുദ്ധക്കപ്പൽ 82 മീറ്റർ ആഴത്തിൽ വെള്ളത്തിലേക്ക് താഴുകയും ചെയ്തു. കന്നിയാത്രയിൽ 20 മിനിറ്റ് മാത്രം നീങ്ങിയ വാസ 30 മനുഷ്യരെ മൃത്യുവിന്റെ ലോകത്ത് എത്തിച്ചു. 50 പേർ മരിച്ചെന്നും ചില കണക്കുകൾ പറയുന്നു.
കപ്പൽ പുറപ്പെട്ടപ്പോൾ ആമോദത്തോടെ ഹർഷാരവം മുഴക്കിയവർ നിമിഷങ്ങൾക്കുള്ളിൽ വിഷാദചിത്തരായി ആർത്തനാദം മുഴക്കിയതിന്റെ സ്മരണകളോടെയാണ് വാസ മ്യൂസിയം ചരിത്രത്തിന് മുൻപിൽ നിൽക്കുന്നത്.
ഉയർത്തുന്നു
വാസ എന്ന യുദ്ധക്കപ്പലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ അവബോധമുണ്ടായിരുന്ന സ്വീഡിഷ് ഭരണകൂടം കപ്പൽ ഉയർത്താൻ ശ്രമമാരംഭിച്ചെങ്കിലും എല്ലാം വിഫലമായിത്തീരുകയാണുണ്ടായത്.
നിരന്തരമായ ശ്രമത്തിന്റെ ഫലമായി 1660ൽ ഡൈവിംഗ് ബെൽ ഉപയോഗിച്ച് കപ്പലിൽനിന്ന് പീരങ്കികൾ വേർതിരിക്കാൻ സാധിച്ചത് ശ്രദ്ധേയമായ കാര്യമായിരുന്നു.
സ്റ്റോക്ക്ഹോം ഉൾക്കടലിന്റെ അടിയിൽ 333 വർഷത്തോളം മുങ്ങിക്കിടന്ന വാസ എന്ന യുദ്ധക്കപ്പലിനെ സംരക്ഷിക്കാൻ ഭരണകൂടം ശ്രദ്ധ ചെലുത്തുന്നത് ഒരു ജനതയുടെ ചരിത്ര ആദരവിനുള്ള മികച്ച തെളിവാണ്.
1961ൽ സമുദ്രത്തോടു യുദ്ധം ചെയ്ത് വാസയെ കരയിലെത്തിച്ചപ്പോൾ കപ്പലിന്റെ 98% കേടുകൂടാതെയിരുന്നത് പുരാവസ്തു ശാസ്ത്രജ്ഞരെപ്പോലും അദ്ഭുതപ്പെടുത്തിയ യാഥാർഥ്യമായിരുന്നു.
തണുപ്പു നിറഞ്ഞതും ഓക്സിജൻ ഇല്ലാത്തതുമായ ബാൾട്ടിക് കടൽ ജലം മൂലമായിരുന്നുവത്രേ വാസ സംരക്ഷിക്കപ്പെട്ടത്.
അതാവാം ബാക്ടീരിയയിൽനിന്ന് കപ്പലിനെ സംരക്ഷിച്ചതെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. ചരിത്രമാവുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഒരു വിലാപ നൊന്പരമാണ് സ്വീഡിഷ് ജനതയ്ക്ക് ഇന്നു വാസ.
പ്രതിവർഷം 15 ദശലക്ഷത്തോളം സന്ദർശകർ വാസ മ്യൂസിയത്തിലെത്തി എക്സിബിഷനുകൾ കണ്ടു മടങ്ങുന്നതിന്റെയും കാരണം അതുതന്നെയാണ്.
വാസ മ്യൂസിയത്തിൽ പ്രവേശിക്കുന്ന ഏവർക്കുമായി ഒരു ഡോക്യുമെന്ററി സദാ പ്രദർശിപ്പിക്കാറുണ്ട്. വാസ എന്ന കപ്പലിന്റെ നിർമാണത്തപ്പറ്റിയും 17-ാം നൂറ്റാണ്ടിലെ സ്വീഡിഷ് ജനതയുടെ ജീവിതത്തപ്പറ്റിയുമെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററി വാസ എന്ന ചരിത്ര വിസ്മയത്തെ കൂടുതൽ അടുത്തറിയാൻ സഹായിക്കുകതന്നെ ചെയ്യും.
17-ാം നൂറ്റാണ്ടിലെ നാവിക വാസ്തുവിദ്യാചരിത്രത്തിലെ പരാജയമായി വാസയെ കാണുന്ന വിമർശകർ ഉണ്ടാകാമെങ്കിലും നൂറ്റാണ്ടുകളെപ്പോലും അതിജീവിച്ച് ജനമനസിൽ സ്ഥാനംപിടിച്ച് ഒരു ഫീനിക്സ് പക്ഷിയെപോലെ നിൽക്കുന്ന വാസയെന്ന പഴയ യുദ്ധക്കപ്പലിനെ സ്വീഡിഷ് ജനത ഇന്ന് ഹൃദയത്തിലേറ്റിയിരിക്കുകയാണ്.