സെബി മാത്യു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ പെണ്കുട്ടി അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജനരോഷം ആളിക്കത്തുന്നതിനിടെ വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അടിയന്തര നടപടിയെടുക്കണമെന്നു സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കു കത്തയച്ചു.
വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പരാതി ലഭിച്ചാലുടൻ കേസ് രജിസ്റ്റർ ചെയ്യണം. പരാതിയിൽ രണ്ടു മാസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കണം.
ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച മൂന്ന് പേജുള്ള നിർദേശങ്ങളിൽ അറിയിച്ചു.
മാനഭംഗശ്രമം അടക്കം സ്ത്രീകൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാൽ ഉടൻതന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇത്തരം കേസുകളിൽ അന്വേഷണത്തിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ സഹായം വേണമെങ്കിൽ, അതിനായി സജ്ജമാക്കിയ പോർട്ടൽ (ഐടിഎസ്എസ്ഒ) വഴി സഹായം തേടാവുന്നതാണ്.
വിവരം ലഭിച്ചാൽ 24 മണിക്കൂറിനകം ഇരകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും മെഡിക്കൽ റിപ്പോർട്ട് തേടേണ്ടതുമാണ്.
സ്ത്രീകൾക്കെതിരായ അതിക്രമപരാതികളിലെ നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്നു മേലധികാരികൾ ഉറപ്പുവരുത്തേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.