ഏറ്റുമാനൂർ: പേരൂർ സ്വദേശിനി ട്വിങ്കിൾ മരിയ ജയ്സണ്‍ കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഒരു ദിവസത്തേക്കാണ് ട്വിങ്കിൾ മരിയയെ തെരഞ്ഞെടുത്തത്.
അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഇന്ത്യയിലെ 18-23 വയസ് പ്രായമുള്ള പെണ്‍കുട്ടികൾക്കുവേണ്ടി നടത്തിയ ഒരു മിനിറ്റ് പ്രസംഗമത്സരത്തിൽ 200ൽ അധികം മത്സരാർഥികൾ പങ്കെടുത്തിരുന്നു.
കേരള – കർണാടക റീജിയണിലെ മികച്ച 13 മത്സരാർഥികളിൽ ഒരാളാണ് ട്വിങ്കിൾ. കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെറമി പിൽമോർ ബെഡ്ഫോർഡിന്റെ പദവി വഹിക്കുവാനാണ് ട്വിങ്കിൾ ഉൾപ്പെടെയുള്ള 13 പേർക്ക് അവസരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്‍പതിനാണ് സ്ഥാനം ഏറ്റെടുത്തത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോണ്‍ഫറൻസിംഗ് വഴിയായിരുന്നു സ്ഥാനമേൽക്കൽ. കോട്ടയം സിഎംഎസ് കോളജിലെ രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്.
തെള്ളകം ഹോളിക്രോസ് വിദ്യാസദനിലായിരുന്നു സ്കൂൾ പഠനം. പേരൂർ പുതുക്കാട്ടിൽ ജയ്സണ്‍ പി. ജോണിന്റെയും കവിതാ ജയ്സന്റെയും മകളാണ്.