നെടുമങ്ങാട് : പരാതിയുമായി വലിയമല പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ സിഐ മര്‍ദിച്ചതായി പരാതി.
പനയ്ക്കോട് പുള്ളിക്കോണം റോഡരികത്തുവീട്ടില്‍ ജയേഷ്(29) ആണ് സിഐ തന്നെ മർദിച്ചതായി കാട്ടി നെടുമങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയത്.
പരാതിയിൽ പറയുന്നതിങ്ങനെ:പരാതിയുമായി രാവിലെ സ്റ്റേഷനിലെത്തിയ തന്നെ എതിര്‍കക്ഷികളുടെ മുന്നില്‍വച്ച് മര്‍ദ്ദിക്കുകയും പുറത്തേയ്ക്ക് പിടിച്ചു തളളുകയും ചെയ്തു.
പുറത്തേയ്ക്ക് തള്ളുന്നതിനിടെ വനിതാപോലീസിന്റെ കസേരയില്‍ ചെന്നിടിച്ച് പോലീസുകാരിയും താഴെവീണു.
തുടര്‍ന്ന് നെടുമങ്ങാട് ജില്ലാആശുപത്രിയിലെത്തി കൈയ്ക്കേറ്റ പരുക്കുകള്‍ ചികിത്സിച്ച ശേഷം വീണ്ടും തിരികെ അമ്മ നിര്മ്മലാദേവിയോടൊപ്പം സ്റ്റേഷന്‍പടിക്കല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തന്റെ പരാതി സ്വീകരിച്ച് നടപടിഎടുക്കുന്നതുവരെ സമരം തുടരുമെന്നും ആരോഗ്യപ്രവര്ത്തകന് കൂടിയായ ജയേഷ് പറഞ്ഞു. ഡിവൈഎസ്പി ജെ.ഉമേഷ് ഇടപെട്ടതിനെത്തുടര്‍ന്ന് അമ്മയും മകനും പ്രതിഷേധം അവസാനിപ്പിച്ചു.
അതേസമയം സ്റ്റേഷനുള്ളില്‍ വച്ച് എതിര്‍കക്ഷികളോടും തന്നോടും വളരെ മോശമായി പെരുമാറിയ ജയേഷിനോട് പുറത്തിറങ്ങിനില്ക്കാന് ആവശ്യപ്പെടുകയായിരുന്നുവെന്നും മറ്റെല്ലാപരാതികളും കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും വലിയമല സിഐ വിപിന്‍ പറഞ്ഞു.