കൊട്ടാരക്കര: നിലം ഒരുക്കണോ… പുരയിടം ഒരുക്കണോ… വിളിച്ചാല്‍ മതി ട്രാക്ടറുമായി റീന അവിടെയെത്തും. കുളക്കട കൃഷി ഭവനിലെ ട്രാക്ടറിന്റെ ഡ്രൈവർ ഇനി മുതല്‍ പൂവറ്റൂര്‍ കിഴക്ക് വെള്ളറക്കല്‍ വീട്ടിലെ മുപ്പത്തി മൂന്ന് കാരിയായ റീന ജോസഫ് ആണ്.
കുളക്കട ഗ്രാമപ്പഞ്ചായത്താണ് റീനയെ പുതിയ തസ്തികയിലേക്ക് നിയമനം നല്‍കിയത്.ആദ്യ ദിവസം തന്നെ പിടിപ്പത് പണിയാണ് കിട്ടിയത്. ഏറത്തുകുളക്കടയിലെ ഏക്കറുകളോളം തരിശുഭൂമി ഉഴുത് മറിക്കാന്‍.
ആദ്യ ദിവസമായതുകൊണ്ട് ഭര്‍ത്താവ് ജോസും ഒപ്പം കൂടി. ഡ്രൈവിങ് മാത്രമല്ല വശമായിട്ടുള്ളത്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക യന്ത്രങ്ങളുടെ നല്ല മെക്കാനിക്ക് കൂടിയാണ് റീന.
ടയര്‍ മാറല്‍, യന്ത്രഭാഗങ്ങള്‍ ഘടിപ്പിക്കല്‍ എന്നിവയിലെല്ലാം വിദഗ്ധയാണ് ഈ മിടുക്കി. വിഎച്ച്എസ് സി അഗ്രിക്കള്‍ച്ചര്‍ പാസായ ശേഷം ചെങ്ങന്നൂര്‍ ഐടിഐയില്‍ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറീസില് രണ്ടുവര്‍ഷം പഠനം.
ഈ സമയത്ത് തന്നെയാണ് ട്രാക്ടര്‍ ലൈസന്‍സെടുത്തത്. പിന്നീട് ആന്ധ്രപ്രദേശില്‍ സതേണ്‍ റീജണ്‍ ഫാം മിഷനറീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാലുമാസം പരിശീലനംനേടിയശേഷം ചെന്നൈയിലും ആലുവായിലും കുറച്ചുനാള്‍ ജോലി നോക്കുകയും ചെയ്തു.
വിഎച്ച്എസ്സിക്കുശേഷം അഗ്രിക്കള്‍ച്ചറില്‍ ഉപരിപഠനം ആഗ്രഹിച്ചിരുന്നുവെങ്കിലും സാമ്പത്തികം തടസമായതിനാലാണ് അഗ്രിക്കള്‍ച്ചര്‍ മെഷീനറീസ് മെക്കാനിക്കല്‍ രംഗത്തേക്ക് തിരിഞ്ഞത്.