മണ്ണാർക്കാട്: സേഫ് കേരളയുടെ ഭാഗമായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ മണ്ണാർക്കാട്താ ലൂക്ക് പരിധിയിലും ഇന്റർസെപ്റ്റർ ഉപയോഗിച്ചുള്ള വാഹന പരിശോധന ആരംഭിച്ചു.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുഗതാഗതം കുറയുകയും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുകയും ചെയ്തതിനാൽ ഗതാഗതക്കുരുക്കും അപകടവും ട്രാഫിക് നിയമ ലംഘനവും വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.
അത്യാധുനിക പരിശോധന ഉപകരണങ്ങൾ അടങ്ങിയ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചാണ് മെട്രോ നഗര ശൈലിയിൽ പരിശോധന ആരംഭിച്ചത്. മോട്ടോർ സൈക്കിളിലെ പിൻ സീറ്റ് ഹെൽമെറ്റ്, കാർ യാത്രക്കാരുടെ സീറ്റ് ബെൽറ്റ് എന്നിവ കർശനപരിശോധനയുടെ ഭാഗമാക്കും.
ദൂരെ വച്ചുതന്നെ വാഹനത്തിന്റെ രേഖകൾ പരിശോധിക്കാനും,ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ശേഖരിച്ചു വക്കുന്നതിനുമായി രണ്ടു കിലോമീറ്റർ വരെ ദൂര ശേഷിയുള്ള സർവൈലൻസ് ക്യാമറയിലൂടെ വാഹനങ്ങൾ തടഞ്ഞു നിർത്താതെ തന്നെ നിയമ ലംഘകരെ പിടികൂടാനുള്ള സജ്ജീകരണങ്ങളാണ് ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്.
തുടർന്ന് ഓവർ സ്പീഡ് കണ്ടെത്തുന്നതിനായി സ്പീഡ് ട്രൈസർ ക്യാമറ, മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി ആൽക്കവൈസർ, ഹെഡ്ലൈറ്റ് പ്രകാശം അനുവദനീയമായ അളവിൽ കൂടുതലുള്ളത് അളക്കുന്നതിനുള്ള ലക്സ് ലെവൽ മീറ്റർ,സൈലൻസർ,
ഹോണ് എന്നിവയുടെ ശബ്ദം നിയന്ത്രിത അളവിൽ കൂടുതലുള്ളത് പരിശോധിക്കുന്നതിനായുള്ള സൗണ്ട് ലെവൽ മീറ്റർ, വാഹനത്തിന്റെ ഉള്ളിലേക്കുള്ള കാഴ്ചയുടെ അളവിനെ നിയന്ത്രിക്കുന്ന വിൻഡോ, വിന്റ്ഷീൽഡ്,
ഗ്ലാസിന്റെ ഓപാസിറ്റി അളക്കുന്നതിനു ടിന്റ് ലെവൽ മീറ്റർ തുടങ്ങി സർവ്വ സന്നാഹങ്ങളും ഇന്റർസെപ്റ്ററിൽ സജ്ജമാണ്.കൊവിഡ് മാനദന്ധം പാലിച്ച് ആധുനിക സംവിധാനം ഉപയോഗിച്ച പരിശോധനയിൽ നിയമ ലംഘകരെ കണ്ടെത്തി നോട്ടീസ് അയക്കും.
എം.വി.ഐ രവികുമാർ, എ.എം.വി.ഐ.മാരായ അനിൽകുമാർ, മുകേഷ് എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തുന്നത്.