തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന പണിയാ ണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്ന വിമർശനവുമായി സിപിഐ മുഖപത്രം.
ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവാണ് ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പൺ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നിൽ.
അതിനെ നയിക്കാൻ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതിൽ, ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാർ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമർശിക്കുന്നതിനെ ആരും ആ അർഥത്തിലേ കാണൂ.
എന്നാൽ ഗുരുദേവൻ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ജനറൽ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികൾക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല- മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ഗുരുവിന്റെ ജാതിസങ്കല്പം വ്യക്തമാക്കുന്ന കൃതികളെ പുതിയതലമുറയ്ക്ക് മുന്നിൽ വെറും കടലാസുകെട്ടായി ചിത്രീകരിക്കാനാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഗുരുദേവന്റെ പേരിലുള്ള സർവകലാശാലയുടെ വൈസ്ചാൻസലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ വാശികാണിച്ചെന്നാണ് ഗുരുദേവ ദർശനം പോലും മറന്ന് വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്.
അനാവശ്യമായ വിചാരവികാര പ്രകടനങ്ങളും വിലകുറഞ്ഞ അഭിപ്രായങ്ങളും വിഷംനിറഞ്ഞ വര്ഗീയ പ്രചാരണവും ശ്രീനാരായണ ഗുരുവിന്റെ നാമത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനെതിരേ ഉയർത്തുന്നത് ജനങ്ങൾ തള്ളിക്കളയണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.