കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ബിജെപിയിലെ ശോഭാ സുരേന്ദ്രന് വിവാദത്തിന് പരിഹാരമായില്ല. സംസ്ഥാന നേതൃയോഗത്തിലും പാലക്കാട്, കോഴിക്കോട് മേഖലാ യോഗങ്ങളിലും ശോഭാസുരേന്ദ്രന് വിട്ടു നിന്നതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത വീണ്ടും ചര്‍ച്ചയാകുന്നത്.
ബൂത്ത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം അണികള്‍ക്കിടയിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അതേസമയം നേതൃയോഗത്തില്‍ ശോഭാസുരേന്ദ്രന് പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. പങ്കെടുത്താതിരുന്നത് പാര്‍ട്ടിയുടെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്നാണ് പറയുന്നത്.
സമരങ്ങളിൽ കണ്ടില്ല
ശോഭാ സുരേന്ദ്രന് വിവാദം സംസ്ഥാന നേതൃത്വത്തിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. സര്‍ക്കാരിനെതിരേ പ്രത്യക്ഷസമരവുമായി മുന്നോട്ടുപോകുമ്പോഴുണ്ടായ അനാവശ്യ വിവാദം സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കാനും ചില നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിനകത്ത് ബിജെപി പ്രതിഷേധം കടുപ്പിച്ചിട്ടും ശോഭാസുരേന്ദ്രന് സമരമുഖത്തുണ്ടായിരുന്നില്ല.
മഹിളാ മോര്ച്ചയുള്പ്പെടെ ബിജെപിയിലേയും പോഷക സംഘടനകളിലേയും വനിതകള്‍ സമരാവേശവുമായി എത്തിയെങ്കിലും ഒരിടത്തുപോലും ശോഭാസുരേന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.
അതൃപ്തി പുകയുന്പോൾ
ബിജെപി സംസ്ഥാന പുന:സംഘടനാ സമയത്ത് അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കെ. സുരേന്ദ്രന് അധ്യക്ഷ പദവിയിലെത്തി.
അതിന് ശേഷം നടത്തിയ പുന:സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവരെ മാറ്റി വൈസ് പ്രസിഡന്റാക്കി. ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാര്‍ട്ടി പരിപാടികളിലെ അസാന്നിധ്യത്തിന് കാരണമായി ഉയര്‍ന്നിരുന്ന വാദം.
നിലവില്‍ ദേശീയ നിര്‍വാഹക സമിതി അംഗമായാണ് ശോഭാസുരേന്ദ്രന് പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള അഞ്ച് പേരിലൊരാളാണ് ശോഭാസുരേന്ദ്രന്.