കുന്നിക്കോട് : മണ്ണുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ അപകടഭീതി ഉയര്‍ത്തുന്നതായി പരാതി. ലോറികളുടെ പിന്‍ഭാഗം ടാര്‍പ്പാളില്‍ ഉപയോഗിച്ച് മൂടണമെന്നാണ് നിയമം.
എന്നാല്‍ ഇത്തരം നിയമങ്ങളൊന്നും പാലിക്കാതെയാണ് ടിപ്പറുകളുടെ സര്‍വീസ്. ഇതു കാരണം ലോറികളില്‍ നിന്ന് മണ്ണ് കാല്‍നടയാത്രികരുടെയും മറ്റു യാത്രക്കാരുടെയും മുകളിലേക്ക് വീഴുന്നുണ്ട്.
പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്കും മണ്ണ് വീഴ്ച അപകടമാണ്. പത്തനാപുരം, പട്ടാഴി, തലവൂർ, മേലില, ചക്കുവരയ്ക്കല്‍, കാര്യറ, പനംമ്പറ്റ പാതകളിലാണ് അപകടഭീതി.
വിവിധ പ്രദേശങ്ങളില്‍ നിന്ന് യന്ത്ര സഹായത്തോടെ കയറ്റുന്ന മണ്ണ് അലക്ഷ്യമായി കൊണ്ടുപോകുകയാണ് പതിവ്. ടിപ്പറുകളിലും വലിയ ലോറികളിലും ലോഡുമായി പോകുമ്പോള്‍ ഡ്രൈവര്‍മാര്‍ ഇത് പലപ്പോഴും ശ്രദ്ധിക്കാറില്ല.
വാഹനത്തിന്റെ പിന്‍ഭാഗത്തെ ബോഡിയ്ക്ക് മുകളിലേക്ക് മണ്ണ് കയറ്റാന്‍ പാടില്ലെന്നും ടാര്‍പാളിന്‍ കൊണ്ട് മൂടി മാത്രമേ ഇത്തരം സാധനങ്ങള്‍ കൊണ്ട് പോകാന്‍ പാടുള്ളൂവെന്നുമുള്ള നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തനങ്ങള്‍.
ഇതെ ചൊല്ലിയുള്ള വാഗ് വാദങ്ങളും തര്‍ക്കങ്ങളും പതിവായതോടെ നാട്ടുകാര്‍ കൂട്ടായുള്ള പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. പോലീസോ മോട്ടോര്‍ വാഹനവകുപ്പോ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.