കോട്ടയം: കോവിഡ് മാനദണ്ഡങ്ങൾക്കൊപ്പം പോലീസിന്റെ പരിശോധനയും കർശമാക്കിയപ്പോൾ ജില്ലയിൽ റോഡപകടങ്ങൾ കുറഞ്ഞു. കണക്കുകൾ പരിശോധിക്കുന്പോൾ ഈ വർഷം ഒാഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പോയ വർഷങ്ങളേക്കാൾ പകുതിയിൽ താഴെമാത്രം റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപകട മരണ നിരക്കിലും വലിയ കുറവുണ്ട്. പോലീസിന്റെ നേരിട്ടുള്ള പരിശോധനയ്ക്കു പുറമേ ഇ പോസ് മെഷീനുകളും സ്പീഡ് കാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാമറകളും ഉപയോഗിച്ചതാണ് പ്രയോജനപ്പെട്ടത്.
സമീപ വർഷങ്ങളിൽ റോഡ് അപകടത്തോത് കൂടിവന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്. റോഡപകടങ്ങളിലും അതിനെ തുടർന്നുള്ള മരണങ്ങളിലും ഇരുചക്ര വാഹനാപകടങ്ങളായിരുന്നു കൂടുതൽ.
കഴിഞ്ഞ രണ്ടു മാസങ്ങളിൽ നടത്തിയ വാഹന പരിശോധനകളിൽ രജിസ്റ്റർ ചെയ്ത 10,500 കേസുകളിൽ പകുതിയിൽ അധികവും ഹെൽമറ്റ് ധരിക്കാത്തതിനായിരുന്നു.
പരിശോധന കർശനമാക്കിയതോടെ ഇരുചക്ര വാഹനയാത്രികർ ഹെൽമറ്റും കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിക്കുന്നതിലും കൂടുതൽ ജാഗ്രത കാണിച്ചു.
പരിശോധന ഫലം ചെയ്തതോടെ വരും ദിവസങ്ങളിൽ റോഡ് നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.