ലിമ: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി മാത്രമായി.
കോവിഡ് മഹാമാരിയെയും തുടർന്നുവന്ന ലോക്ക്ഡൗണിനെയും തുടർന്ന് രാജ്യത്ത് കുടുങ്ങിയ ജാപ്പനീസ് വിനോദയാത്രികനുവേണ്ടിയാണു മാച്ചു പിച്ചു തുറന്നുനൽകിയത്.
ലോക്ക്ഡൗണിനുശേഷം മാച്ചു പിച്ചുവിൽ പോയ ഏകയാൾ ഏന്ന കുറിപ്പോടെ ജെസി കെറ്റയാമ എന്ന യുവാവാണ് മാച്ചു പിച്ചുവിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ മാച്ചു പിച്ചു അടച്ചിട്ടിരിക്കുകയാണ്.
ബോക്സിംഗ് ഇൻസ്ട്രക്ടറായ നാര സ്വദേശിയായ ജെസി മാർച്ചു മുതൽ പെറുവിൽ കുടുങ്ങിക്കിടക്കുകയാണ്.
മാച്ചു പിച്ചു സന്ദർശിക്കുന്നതിനായി ജെസി എത്തുന്നതിനു തൊട്ടുമുന്‍പാണ് ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
മൂന്നു ദിവസം മാച്ചു പിച്ചുവിൽ ചെലവഴിക്കാനാണ് ഇയാൾ ഉദ്ദേശിച്ചിരുന്നത്. എനന്ാൽ വിമാന സർവീസുകൾ റദ്ദാക്കുകയും യാത്രകൾ നിലയ്ക്കുകയും ചെയ്തു. ഇതേതുടർന്ന് ജെസി പെറുവിൽ മാസങ്ങളോളം കുടുങ്ങി.
ഒരു പെറു ന്യൂസ്പേപ്പറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരാശ തുറന്നുപറഞ്ഞത്. ഇത് പ്രാദേശിക ടൂറിസം അതോറിറ്റിയുടെ ചെവിയിലും എത്തി.
ഇതോടെ ജെസിക്ക് മാച്ചു പിച്ചു സന്ദർശിക്കാൻ പ്രത്യേക അനുമതി നൽകുകയായിരുന്നു.
1948ലാണ് മാച്ചു പിച്ചു ആദ്യമായി സന്ദർശകർക്കായി തുറന്നത്. 1983-ൽ മാച്ചു പിച്ചുവിനെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. നവംബറിൽ വീണ്ടും ഇങ്ങോട്ടേക്ക് വിനോദസഞ്ചാരികളെ അനുവദിക്കാനാണ് നിലവിൽ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.