തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലറായി മുബാറക് പാഷ നിയമിതനായതിനെ എതിർത്ത എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് മുഖപത്രം.
മുസ്ലീം പേരിനോട് ഓക്കാനമോ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധതയാണ് എന്ന് ആരോപിക്കുന്നു.
മുന്പും ഗുരുവചനങ്ങളെ സ്വന്തം താല്പര്യപ്രകാരം വക്രീകരിക്കുകയും സ്വാർഥ രാഷ്ട്രീയ സാന്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്തിട്ടുള്ളയാളാണ് വെള്ളാപ്പള്ളിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയല്ല സംസ്ഥാന സർക്കാർ ഓപ്പൺ സർവകലാശാല സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ നാമം ആലേഖനം ചെയ്തതു കൊണ്ട് ഓപ്പൺ സർവകലാശാലയുടെ ഉന്നത സ്ഥാനീയനായ വ്യക്തി നാരായണ ഗുരുവിന്റെ സമുദായത്തിൽ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണ്.
ഇതൊരു വിസിയുടെ മാത്രം പ്രശ്നമല്ലെന്നും പണ്ടു മുതൽ ചിലർ കൊണ്ടു നടക്കുന്ന വർഗീയതയുടെ പ്രശ്നമാണെന്നും പത്രം പറയുന്നു. ഗുരുദേവന്റെ പേരിൽ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു
ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം നിരസിച്ച സംസ്ഥാന സർക്കാർ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ ആരോപിച്ചിരുന്നു.