കണ്ണൂർ: കഞ്ചാവും ഗുണ്ടാവിളയാട്ടവും കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമാകുന്നു. രാത്രിയായാൽ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയായ ആയിക്കരയിലും ഉരുവച്ചാലിലും സംഘർഷങ്ങൾ പതിവാണ്.
ടൗണുകളിൽ തന്പടിക്കുന്ന യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതും സ്ഥിരമാണ്. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.
സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റിരുന്നു. ഇവർ ഇപ്പോഴും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവുമായി ബന്ധപ്പെട്ട സംഘർഷം വർഗീയ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
ഇതിനിടയിൽ സിറ്റി പോലീസ് ഇടപെട്ടതോടെ സംഘർഷം മറ്റൊരു രീതിയിലേക്ക് വ്യാപിക്കാതെ നിയന്ത്രിക്കാൻ സാധിച്ചു. എന്നാൽ, സംഘർഷത്തിന് പോലീസ് നിസാരവകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
രാത്രിയായാൽ സിറ്റി പോലീസ് ടൗണുകളിൽ പട്രോളിംഗ് നടത്താത്തും അക്രമിസംഘങ്ങൾക്ക് പ്രചോദനമാകുകയാണ്. ചെറിയ സംഘർഷങ്ങൾക്ക് പോലീസ് കടിഞ്ഞാണിട്ടില്ലെങ്കിൽ മറ്റൊരു രീതിയിലേക്ക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ സംഘർഷങ്ങൾ മാറാം.