ന്യൂഡൽഹി: ഇന്ത്യയിൽ മൂന്ന് പേർക്കെങ്കിലും രണ്ടാമതും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). മുംബൈയിൽ രണ്ട് പേർക്കും അഹമ്മദാബാദിൽ ഒരാൾക്കും കോവിഡ് ഭേദമായ ശേഷം വീണ്ടും രോഗം റിപ്പോർട്ട് ചെയ്തെന്നാണ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ അറിയിച്ചത്.
കോവിഡ് മുക്തരായവർക്ക് എത്ര ദിവസം കഴിഞ്ഞാൽ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ട് എന്ന കാര്യത്തിൽ ഗവേഷകർക്ക് ഇതുവരെ വ്യക്തത വരുത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച ഒരു വ്യക്തിയിൽ ആന്റി ബോഡികൾ വികസിക്കുകയും അത് അവരെ വൈറസിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, ഈ ആന്റി ബോഡികളുടെ ആയുസ് വളരെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നുവെന്നും ഐസിഎംആർ മേധാവി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെന്പാടുമുള്ള 24 ഓളം പേർക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.