വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്റർ കുത്തിത്തുറന്ന് പെത്തഡിൻ, മോർഫിൻ വിഭാഗത്തിൽപ്പെട്ട മുപ്പതിലധികം ആംപ്യൂളുകൾ മോഷ്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
രോഗികളെ ഓപ്പറേഷനു വിധേയമാക്കുന്നതിനായി മയക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നാണ് മോഷ്ടിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആശുപത്രിയുടെ വടക്കുഭാഗത്ത് കായലോരത്തുകൂടിയോ നിർമാണം അവസാന ഘട്ടത്തിലായ അമ്മയും കുഞ്ഞും ആശുപത്രിയുടെ കവാടം ചാടിക്കടന്നോ ലഹരി ഉപയോഗിക്കുന്നവർ ആശുപത്രിക്കുള്ളിൽ എത്തിയെന്നാണ് അധികൃതരുടെ നിഗമനം.
പിന്നിലൂടെ എത്തിയതിനാൽ ആശുപത്രിയിലെ കാമറയിലും ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന
മരുന്നു വാതിൽ തകർത്ത് അകത്തു കടന്ന് ആംപ്യൂളുകൾ എടുത്തതിനു പിന്നിൽ ജീവനക്കാരിലാരുടെയെങ്കിലും സഹായം ലഹരി ഉപയോഗിക്കുന്നവർക്കു ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ആശുപത്രി ജീവനക്കാർക്കല്ലാതെ മരുന്നിരിക്കുന്ന സ്ഥലം മറ്റാർക്കും അറിയില്ല. ജീവനക്കാരിലാരെങ്കിലും ലഹരി ഉപയോഗിക്കുന്നവർക്ക് മരുന്നിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു മരുന്ന് അപഹരിക്കുന്നതിനു വഴിയൊരുക്കിയതായാണ് സംശയിക്കുന്നത്.
ജീവനക്കാരിൽ വഴിവിട്ട ബന്ധങ്ങൾ ഉള്ളവർ ആരെങ്കിലും ഉണ്ടോയെന്നും പോലിസ് അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാർ തിയറ്റർ തുറക്കാനെത്തിയപ്പോൾ വാതിലിന്റെ പൂട്ടു തകർന്നത് കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരുന്നുകൾ നഷ്ടപ്പെട്ടതറിഞ്ഞത്.
ഇതിനു മുന്പും ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയ ആവശ്യത്തിന് ഉപയോഗിക്കുന്ന മയക്കുമരുന്നുകൾ മോഷണം പോയിട്ടുണ്ട്. വൈക്കം താലൂക്ക് ആശുപത്രി അധികൃതർ വൈക്കം പോലീസിൽ പരാതി നൽകി.
അഡിഷണൽ എസ്ഐ സദാശിവന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നു.