ചെറുപുഴ(കണ്ണൂർ): തന്റെ പുതിയ സിനിമയുടെ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ ചാരുത നൽകാൻ കളരിപ്പയറ്റ് പഠിക്കുവാൻ സിനിമാ താരം ഉണ്ണി മുകുന്ദൻ പാടിയോട്ടുചാലിൽ.
പാടിയോട്ടുചാൽ കൊരമ്പക്കല്ലിലെ സിവിവി കളരി സംഘത്തിലാണ് ഉണ്ണി മുകുന്ദൻ കളരിപഠനത്തിനെത്തിയത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന ചിത്രത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഉണ്ണി മുകുന്ദൻ എത്തിയത്.
ആക്ഷൻ രംഗങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ ചിത്രീകരിക്കുന്ന ബ്രൂസ്ലി എന്ന സിനിമയിൽ അഭിനയം കളരി പഠനത്തിലൂടെ കൂടുതൽ ആയാസവും കൃത്യതയുമുള്ളതാക്കുമെന്ന തിരിച്ചറിവിലാണ് ഇദ്ദേഹം കളരിപഠനം നടത്തിയത്.
ചില സുഹൃത്തുക്കൾ വഴിയാണ് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ മികച്ച പരിശീലനം നൽകുന്ന സിവിവി കളരി സംഘത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ അറിഞ്ഞതും കളരി അഭ്യസിക്കാനെത്തിയതും.
കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കച്ചത്തിരുമ്മോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചത്. തെക്കൻ ചുവട്, അടിതട, വടക്കൻ മെയ്പ്പയറ്റ്, കാലെടുക്കൽ, കടത്തനാടൻ കൈ കുത്തിപ്പയറ്റും ഒപ്പം മലക്കങ്ങളുമാണ് ഉണ്ണി മുകുന്ദൻ അഭ്യസിച്ചത്.
മലയാള യുവത്വത്തിന്റെ കരുത്തുറ്റ കഥാപാത്രങ്ങളെ അഭ്രപാളികളിലെത്തിച്ച ഉണ്ണി മുകുന്ദൻ വളരെ വേഗത്തിൽ തന്നെ കളരിപ്പയറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചുവെന്ന് മുഖ്യ പരിശീലകനായ ഡോ.വി.വി. ക്രിസ്റ്റോ ഗുരുക്കൾ പറഞ്ഞു.
രാവിലെ കളരി അഭ്യാസികൾക്കുള്ള കച്ചത്തിരുമ്മും വൈകുന്നേരം മൂന്നു മണിക്കൂർ കളരിപ്പയറ്റുമാണ് പരിശീലിച്ചത്. കളരിപ്പയറ്റിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പഠിക്കുവാനും വീണ്ടും വരുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
കളരിപ്പയറ്റിലെ അങ്കത്താരി, കോൽത്താരി, വെറും കൈമുറകൾ, എന്നിവ കൂടി പരിശീലിക്കണമെന്ന താല്പര്യം അറിയിച്ചാണ് ഒൻപത് ദിവസത്തെ പരിശീലന ശേഷം ഉണ്ണി മുകുന്ദൻ മടങ്ങിയത്.
ഡോ.വി.വി. ക്രിസ്റ്റോ ഗുരുക്കൾക്കൊപ്പം കൊരമ്പക്കല്ലിലെ പരിശീലകനായ കെ.എം.ശ്യാംകുമാറുമാണ് ഉണ്ണി മുകുന്ദന് കളരിപ്പയറ്റിൽ പരിശീലനം നൽകിയത്.