ആലുവ: ചികിത്സാ മികവുകൊണ്ടും ആധുനിക യന്ത്രസാമഗ്രികൾ കൊണ്ടും സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ആലുവ ജില്ലാ ആശുപത്രി സാമൂഹ്യ വിരുതരുടെ താവളമായി മാറുന്നു.
രാപകൽ ഭേദമന്യേ മയക്കുമരുന്ന മാഫിയകളും അനാശാസ്യക്കാരും ആശുപത്രി പരിസരത്ത് തമ്പടിച്ചു വരികയാണ്. വളരെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് എല്ലാ അഴിഞ്ഞാട്ടങ്ങൾക്കും നോക്കുകുത്തിയായി മാറിയിട്ട് നാളുകളേറെയായി.
ആശുപത്രിയിലെ വനിതാ ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഏറെ ഭയത്തോടെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.
നിലവിലെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെക്കൊണ്ട് ഈ അക്രമിസംഘങ്ങളെ നേരിടുകയെന്നത് അസാധ്യമാണ്. മയക്കുമരുന്നിന് അടിമകളായവർക്കുള്ള വിമോചന കേന്ദ്രം ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളും ഇവിടെ പതിവാണ്. മാസങ്ങൾക്ക് മുമ്പ് ഇത്തരം സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
രാത്രിയായാൽ അനാശാസ്യക്കാരുടെ വിഹാരകേന്ദ്രം കൂടിയാണ് ജില്ലാ ആശുപത്രി പരിസരം. സ്ത്രീകൾ തമ്മിൽ പരസ്പരം തമ്മിലടിക്കുന്നതും പതിവുകാഴ്ച്ചയാണ്.
പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം കാര്യക്ഷമമാക്കുകയും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്താൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് ഇവിടെയെത്തുന്നവരുടെ അഭിപ്രായം.
പാവങ്ങളുടെ ആശ്രയമായ ആലുവ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പരിശ്രമങ്ങൾക്കിടയിൽ ഇവിടെ നടക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം അമർച്ച ചെയ്യാൻ പോലീസ് ജാഗ്രത പാലിക്കാൻ തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് രാഷ്ട്രദീപികയോട് പറഞ്ഞു.