സെബി മാത്യു
ന്യൂഡൽഹി: നംവബർ ഒൻപതിന് രാജ്യസഭയിലെ പതിനൊന്നു സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം സഭയിൽ ബിജെപിയുടെ നില മെച്ചപ്പെടും.
ഉത്തർപ്രദേശിൽ നിന്ന് പത്തും ഉത്തരാഖണ്ഡിൽ നിന്ന് ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ സീറ്റുകൾ കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്. നവംബർ പതിനൊന്നിന് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പിനു ശേഷം 245 അംഗ രാജ്യസഭയിൽ ബിജെപി അംഗബലം 93 ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒൻപത് അംഗങ്ങളുള്ള എഐഎഡിഎംകെയുടെയും ആറ് അംഗങ്ങളുള്ള വൈഎസ്ആർ കോണ്‍ഗ്രസിന്റെയും പിന്തുണ ബിജെപിക്കുണ്ട്.
ഏഴ് അംഗങ്ങളുള്ള ടിആർഎസും ഒൻപത് അംഗങ്ങളുള്ള ബിജു ജനതാ ദളും മിക്കവാറും വിഷയങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പോടെ രാജ്യസഭയിൽ കരുത്ത് വർധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ഉത്തർപ്രദേശിന് രാജ്യസഭയിൽ 31 സീറ്റുകളാണുള്ളത്. നിലവിൽ ബിജെപിക്ക് പതിനേഴും ബിഎസ്പിക്ക് നാലും, സമാജ് വാദി പാർട്ടിക്ക് എട്ടും കോണ്‍ഗ്രസിനും രണ്ടും എംപിമാരുണ്ട്.
403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപിക്ക് 304 അംഗങ്ങളുണ്ട്. പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിക്ക് 48 അംഗങ്ങളാണുള്ളത്. ബിഎസ്പിക്ക് 18 അംഗങ്ങളുമുണ്ട്.
കോണ്‍ഗ്രസ് ഏഴ്, അപ്നാ ദൾ ഒൻപത്, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നാല് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. അഞ്ച് സ്വതന്ത്ര എംഎൽഎമാരും ഉണ്ട്.
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ അടക്കം പതിനൊന്നു പേരുടെ കാലാവധിയാണ് രാജ്യസഭയിൽ പൂർത്തിയാകുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബർ, പി.എൽ പുനിയ എന്നിവരുടെയും കാലാവധി നവംബർ 25ന് പൂർത്തിയാകും.
ബിജെപി അംഗങ്ങളായ അരുണ്‍ സിംഗ്, നീരജ് ശേഖർ, സമാജ് വാദി പാർട്ടി നേതാക്കളായ ചന്ദ്രപാൽ സിംഗ് യാദവ്, ജാവേദ് അലിഖാൻ, രവി പ്രകാശ് വർമ, രാംഗോപാൽ യാദവ്, ബിഎസ്പി നേതാക്കളായ രാജാറാം, വീർ സിംഗ് എന്നിവരാണ് കാലാവധി പൂർത്തിയാകുന്ന മറ്റ് രാജ്യസഭ എംപിമാർ.
ഉത്തർ പ്രദേശിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര നടനുമായ രാജ് ബബ്ബർ ഉത്തരാഖണ്ഡിൽ നിന്നാണ് രാജ്യസഭയിൽ എത്തിയത്.
യുപിയിൽ കോണ്‍ഗ്രസും സമാജ് വാദി പാർട്ടിയും ഒരുമിച്ചു നിന്നാൽ പോലും ഒരു സീറ്റ് ലഭിക്കാൻ ഉള്ള സാധ്യത മാത്രമേ ഉള്ളൂ എന്നാണ് വിലയിരുത്തൽ.
അഖിലേഷ് യാദവിന്റെ അമ്മാവനായ രാം ഗോപാൽ യാദവ് തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചു നിന്നാൽ പോലും രണ്ട് സീറ്റുകളിൽ അധികം കിട്ടാനിടയില്ല. അതൊരു വിദൂര സാധ്യത മാത്രമായിരിക്കേ സമാജ് വാദി പാർട്ടിക്ക് മാത്രമായിരിക്കും ഒരു സീറ്റ് ലഭിക്കുക.
ഭരണ കക്ഷിയായ ബിജെപിക്ക് എട്ടോ ഒൻപതോ സീറ്റ് ഉറപ്പിക്കാനാകും. അതുകൊണ്ടു തന്നെ ഒരു സീറ്റിലേക്ക് മാത്രം തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയേ നിലവിലുള്ളൂ.