ഒക്ടോബര്‍ ഒമ്പതിന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ്ദം 1000 കിലോമീറ്റര്‍ കരയ്ക്കു നടുവിലൂടെ സഞ്ചരിച്ച് അറബിക്കടലിലെത്തി വീണ്ടും തീവ്രമായേക്കുമെന്ന് റിപ്പോര്‍ട്ട്.
ഇത്രയും ദൂരം കരയിലൂടെ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നത് അത്യപൂര്‍വമാണെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്. മഹാരാഷ്ട്രയ്ക്കു മുകളിലാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദമുള്ളത്.
ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദത്തിന്റെ സൂചനകള്‍ ഉള്ളതായും നിരീക്ഷിക്കുന്നുണ്ട്. ആന്‍ഡമാന്‍ തീരത്ത് ആരംഭിച്ച ന്യൂനമര്‍ദ്ദം ആന്ധ്ര, മഹാരാഷ്ട്രയുടെ തെക്കുഭാഗത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലാണു ചേരുക.
വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മര്‍ദ്ദം വ്യാഴാഴ്ച വൈകിട്ടോടെ അറബിക്കടലില്‍ പ്രവേശിക്കുമെന്നാണ് നിഗമനം. തുടര്‍ന്ന് അത് വീണ്ടും തീവ്രമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കരയിലൂടെ ഇത്രയും ദൂരം ന്യൂനമര്‍ദ്ദം സഞ്ചരിച്ചതിന്റെ ഫലമാണ് സാധാരണ വെള്ളം കയറാത്ത ഹൈദരാബാദിലും പരിസരത്തും വെളളപൊക്കം ഉണ്ടായത്.
അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ മലയോരങ്ങളിലും വടക്കന്‍ ജില്ലകളിലും കനത്ത മഴയുണ്ടാകും. തമിഴ്നാട്ടില്‍ പെയ്യുന്ന മഴയുടെ ഭാഗമായി പാലക്കാടും മഴ പെയ്തേക്കാമെന്നാണ് വിവരം.
മുംബൈയില്‍ വെള്ളപൊക്കം ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. തുടര്‍ച്ചയായി ന്യൂനമര്‍ദ്ദങ്ങള്‍ ഉണ്ടായതിനാല്‍ തുലാവര്‍ഷം സാധാരണയിലും വൈകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു.