കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. മുന്‍കൂര്‍ ജാമ്യം തേടി എം. ശിവശങ്കര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ തീരുമാനം.
കേസില്‍ മൂന്നു പ്രതികള്‍ക്കെതിരേ ഇഡി നല്കിയ അന്തിമ റിപ്പോര്‍ട്ടില്‍ തന്നെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ചില സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കാന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മാധ്യമ വിമര്‍ശനങ്ങളില്‍നിന്നു തടി രക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തേക്കുമെന്നും ഈ സാഹചര്യത്തിലാണു ഹര്‍ജി സമര്‍പ്പിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഒരു മാസത്തിനകം വിവിധ അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലേറെ ചോദ്യം ചെയ്തു. അറിയാവുന്ന വിവരങ്ങളെല്ലാം അന്വേഷണ സംഘങ്ങള്‍ക്കു കൈമാറി. ഒരു അന്വേഷണ ഏജന്‍സിയും തനിക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
സ്വര്‍ണക്കടത്തു കേസില്‍ തെളിവു നല്കാന് വിവിധ അന്വേഷണ ഏജന്‍സികള്‍ വിളിച്ചു വരുത്തിയിരുന്നു. നൂറു മണിക്കൂറോളം ചോദ്യം ചെയ്തിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ല.
എന്നിട്ടും ഇഡി നല്കിയ അന്തിമ റിപ്പോര്‍ട്ടില്‍ തനിക്ക് കേസില്‍ ബന്ധമുണ്ടെന്ന് ആശയക്കുഴപ്പമുണ്ടാക്കാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.