പത്തനംതിട്ട: വാര്‍ഡുകള്‍ സംവരണമാകുമ്പോള്‍ ഭാര്യയും ജനറലാകുമ്പോള്‍ ഭര്‍ത്താവും തുടര്‍ച്ചയായി മത്സരിക്കാനിറങ്ങുന്നതിനെതിരെ കെപിസിസി സര്‍ക്കുലര്‍. ഒരേ വാര്‍ഡില്‍ തുടര്‍ച്ചയായുള്ള ഇത്തരം മത്സരങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
അമ്പതുശതമാനം വനിതാസംവരണം നിലനില്ക്കുമ്പോള് ജനറല്‍ സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്് പരമാവധി ഒഴിവാക്കാനും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
അസാന്മാര്ഗികം, മദ്യം, മയക്കുമരുന്ന്, രാഷ്ട്രീയേതര ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയായവരെ സ്ഥാനാര്‍ഥികളാക്കരുതെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ പാര്‍ട്ടി നിര്‍ദേശം
ലംഘിച്ചവര്‍ക്കും വിപ്പ് ലംഘിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ വോട്ടു ചെയ്തു നടപടിക്കു വിധേയരായവര്‍ക്കും 2015ലെ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് പാര്‍ട്ടി നടപടിക്കു വിധേയരായവര്‍ക്കും സീറ്റ് നല്‍കരുതെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് അതാത് വാര്‍ഡ്, മുനിസിപ്പല്‍ കമ്മിറ്റികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ പരമാവധി അതേ വാര്‍ഡില്‍ ഉള്ളവരാകണം.
വനിതാ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിയില്‍ അംഗത്വമുള്ളവരും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാകുകയും വേണമെന്ന് നിര്‍ദേശമുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയം അതാത് ജില്ലാതല സബ്കമ്മിറ്റികളാണ് നടത്തുന്നത്. ബ്ലോക്ക് കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ കമ്മിറ്റികള്‍ക്ക് സമര്‍പ്പിക്കാം.