നിയാസ് മുസ്തഫ
കോട്ടയം: പൂഞ്ഞാർ നിയമസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിം ലീഗ്. യുഡി എഫ് നേതൃത്വത്തിനു മുന്നിൽ ഈ ആവശ്യം ലീഗ് ഉന്നയിച്ചുകഴിഞ്ഞു.
കോട്ടയം ജില്ലയിൽ ഒരു നിയമസഭാ സീറ്റ് വേണമെന്ന ലീഗിന്റെ ആഗ്രഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കേരള കോൺഗ്രസ്-എം സ്വാധീന ശക്തിയായി ജില്ലയിൽ തുടരുന്നതായിരുന്നു ലീഗിനു മുന്നിലെ വെല്ലുവിളി.
എന്നാലിപ്പോൾ കേരള കോൺഗ്രസ്-എം പിളരുകയും ജോസ്.കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറുകയും ചെയ്തത് അനുകൂല രാഷ്ട്രീയ സാഹചര്യമായിട്ടാണ് ലീഗ് കരുതുന്നത്.
ലീഗിന്റെ ശക്തി കേന്ദ്രമായ ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി മേഖലകൾ ഉൾപ്പെടുന്ന പൂഞ്ഞാർ സീറ്റിലാണ് ലീഗ് നോട്ടം വയ്ക്കുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ലീഗിന്റെ ആവശ്യം ന്യായമാണെന്നാണ് ചില കോൺഗ്രസ് നേതാക്കളും പറയുന്നത്.
‘പൂഞ്ഞാർ സീറ്റ് ലീഗിന്’ എന്ന പേരിൽ ഇപ്പോൾ ലീഗ് അണികൾ തന്നെ സോഷ്യൽമീഡിയയിൽ കാന്പയിനും ആരംഭിച്ചിട്ടുണ്ട്. പൂഞ്ഞാർ സീറ്റ് യുഡിഎഫ് ലീഗിന് നൽകിയാൽ വ്യവസായിയും ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായിലിനെ സ്ഥാനാർഥിയാക്കാനാണ് ലീഗ് നീക്കം നടത്തുന്നത്.
മുണ്ടക്കയം നെന്മേനി സ്വദേശി കൂടിയായ ഇദ്ദേഹത്തിന് മണ്ഡലത്തിൽ സ്വാധീനമുണ്ട്. കോൺഗ്രസിനും മറ്റ് ഘടകകക്ഷികൾക്കും, സ്വീകാര്യനായ വ്യക്തി കൂടിയാണ് അസീസ് ബഡായിൽ.