പത്തനംതിട്ട: ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം അയ്യപ്പഭക്തര്‍ക്ക് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് ദര്‍ശനം അനുവദിക്കും. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ മീനമാസ പൂജയ്ക്കുശേഷം അയ്യപ്പഭക്തരെ കടത്തിവിട്ടിരുന്നില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിദിനം 250 ഭക്തരെ വീതമാണ് തുലാമാസ പൂജാ സമയത്ത് കടത്തിവിടുന്നത്.നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. ഇന്ന് പ്രത്യേക പൂജകളുണ്ടാകില്ല.
നാളെ രാവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. യോഗ്യതാപട്ടികയിലുള്പ്പെട്ട ഒമ്പതുപേരാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പിനുണ്ടാവുക. മാളികപ്പുറം പട്ടികയില്‍ പത്തുപേരുണ്ടാകും.
മണ്ഡലകാലം മുതല്‍ ഒരു വര്‍ഷത്തേക്കാണ് മേല്‍ശാന്തിമാരുടെ നിയമനം. നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കൗഷിക് കെ. വര്‍മയും ഋഷികേശ് വര്‍മയും ഇന്നു പുറപ്പെടും.
ഹൈക്കോടതി നിര്‍ദേശപ്രകാരം പന്തളം കൊട്ടാരം നിര്‍വാഹകസമിതിയുടെയും വലിയ തമ്പുരാന്റെയും അംഗീകാരത്തോടെയാണ് കൊട്ടാരം കുടുംബാംഗങ്ങളായ രണ്ട് കുട്ടികള്‍ക്കും ഈ നിയോഗം ലഭിച്ചിരിക്കുന്നത്.
പതിവ് പൂജകള്‍ക്ക് പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഈ ദിവസങ്ങളില്‍ ഉണ്ടാകും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
ഈ വര്‍ഷത്തെ മണ്ഡല, മകരവിളക്ക് ഉല്‍സവത്തിനായി നവംബര്‍ 15ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. ഡിസംബര്‍ 26നാണ് മണ്ഡല പൂജ. മകരവിളക്ക് 2021 ജനുവരി 14 ന് നടക്കും.