കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ ഏജന്‍സികളാണ് പ്രമുഖരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങാന്‍ തീരുമാനിച്ചത്.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ബിജെപി ദേശീയ വിഷയമാക്കിയിട്ടുണ്ട്. ഇതോടെ പ്രമുഖരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അന്വേഷണ ഏജന്‍സികള്‍ക്കു മേല്‍ സമ്മര്‍ദവും ശക്തമാണ്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുള്പ്പെടെ പല പ്രമുഖര്‍ക്കെതിരേയും കേസിലെ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇവരുടെ പങ്ക് സംബന്ധിച്ചു പല തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്കു ലഭിക്കുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും പ്രതികള്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവത്തിനിടെ കോടതി അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. കോടതി പരാമര്‍ശം സിപിഎം രാഷ്ട്രീയ യുധമാക്കാന് തുടങ്ങിയതോടെ ബിജെപി സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചു.
ശിവശങ്കർ
ഇതോടെ കേന്ദ്രനേതൃത്വം സ്വര്‍ണക്കടത്ത് കേസ് ഗൗരവത്തിലെടുക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. കൂടുതല്‍ അറസ്റ്റിലേക്കും പലരെയും വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു.
ഇന്നലെ ശിവശങ്കറിനോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. തുടര്‍ന്ന് കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിലെത്തി സമന്‍സ് നല്‍കുകയും ഒപ്പം വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നലെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് സൂചന. എന്നാല്‍, ചോദ്യം ചെയ്യാനാണെന്നു മാത്രമേ കസ്റ്റംസ് വ്യക്തമാക്കുന്നുള്ളൂ.
മന്ത്രി കെ.ടി. ജലീലിൽ
മന്ത്രി കെ.ടി. ജലീലിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇഡിയും എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
കേസിലെ ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ ലഭിക്കാനുള്ള പരിശോധനാ ഫലം വേഗത്തിലാക്കുന്നതടക്കമുള്ള നടപടികളും അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളും മുഴുവനായും അന്വേഷണസംഘങ്ങള്‍ക്കു കൈമാറിയിട്ടില്ല. ഇതും കേസില്‍ നിര്‍ണായകമാണ്.
ആഗോള ഭീകരന് ദാവൂദ് ഇബ്രാഹിമിനു വരെ കേസുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തി ലാണ് എന്‍ഐഎ. യുഎഇയിലുള്ള പ്രതികളെ കസ്റ്റഡിയി കിട്ടുക യാണ് ഇതിനു പ്രധാനം.
ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന് സിബിഐയ്ക്ക് മുമ്പാകെ നല്കിയ മൊഴിയില്‍ ഈജിപ്ത് പൗരനെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്.
സ്വപ്നസുരേഷും സന്ദീപ്നായരും ഈജിപ്ത് പൗരനെതിരേ നേരത്തെ തന്നെ മൊഴിയും നല്‍കിയിരുന്നു. ഇയാളെ കുറിച്ചും ഐബിയും സിബിഐയും അന്വേഷിക്കുന്നുണ്ട്.