ആലുവ: കോവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവരെല്ലാം തന്നെ നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതുണ്ട്.
ഈ മുഖാവരണം മനുഷ്യന്റെ സന്തത സഹചാരിയായി മാറിക്കഴിഞ്ഞു. തദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ മാസ്കും പ്രചാരണ വേദിയാക്കാൻ ഒരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ.
കൈപ്പത്തി, അരിവാൾ ചുറ്റിക നക്ഷത്രം, താമര ചിഹ്നങ്ങളിലുള്ള വിവിധ വർണങ്ങളിലെ മാസ്കുകൾ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാർഥികൾക്കുള്ള അടയാളങ്ങളും റെഡിയാണ്.
ഓർഡർ കിട്ടിയാലുടൻ മാസ്ക്കുകൾ അണിയിച്ചൊരുക്കാൻ പ്രിന്റിംഗ് സ്ഥാപനങ്ങളും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയാണ്.
മാർക്കറ്റിൽ ഇന്ന് ഏറെ പ്രചാരമുള്ള എൻ 95 മാസ്ക്കുകൾ തന്നെയാണ് ചിഹ്നംപതിപ്പിച്ച് കടക്കാർ നൽകുന്നത്. ഒരെണ്ണത്തിന് മാത്രമായി 20 രൂപ വരുമെങ്കിലും കൂടുതൽ എടുത്താൽ ഇളവുണ്ടാകും.
ഓർഡറുകൾ ലഭിച്ചു തുടങ്ങിയതായി ആലുവയിലെ എസ് ആൻഡ് എസ് പ്രിന്റിംഗ് ഉടമ സലാം രാഷ്ട്രദീപികയോട് പറഞ്ഞു. സ്ഥാനാർഥി നിർണയം കഴിഞ്ഞാൽ ചാകര പ്രതീക്ഷിച്ചു മാസ്ക് പ്രിന്റ് ചെയ്ത് കാത്തിരിക്കുകയാണ് സ്ഥാപനങ്ങൾ.