ഗാന്ധിനഗർ: പുതുപ്പള്ളി തേൃാതമംഗലം കൊച്ചാലുമൂടിനു സമീപം കെഎസ്ആർടിസി ബസിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടു വയസുകാരനും മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി.
ചിങ്ങവനം ചാന്നാനിക്കാട് മൈലുംമൂട്ടിൽ കുഞ്ഞുമോന്റെ മകൻ അമിത് (എട്ട്) ആണ് മരിച്ചത്. ഇന്നലെ അമിതിന്റെ മാതാവ് ജലജ, ജലജയുടെ പിതാവ് കുന്നന്താനം കുന്നപ്പള്ളി ഇലവിനാൽ മുരളി (75), മുരളിയുടെ ഭാര്യാ സഹോദരപുത്രൻ,
മുണ്ടക്കയം മുരിക്കുംവയൽ പ്ലാക്കപ്പടി കുന്നപ്പള്ളിയിൽ കുഞ്ഞുമോൻ – ശോശാമ്മ ദന്പതികളുടെ മകൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ജിൻസ് (32) എന്നിവർ മരിച്ചിരുന്നു.
ജലജയുടെ സഹോദരി ജയന്തിയുടെ മകൻ കുന്നന്താനം കുന്നപ്പള്ളി ബിജുവിന്റെ മകൻ അതുൽ (11) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 5.40നു പുതുപ്പള്ളി – ഞാലിയാകുഴി റോഡിൽ കൊച്ചാലുംമൂട് വടക്കേക്കര സ്കൂളിനു മുന്നിലായിരുന്നു അപകടം.
ചങ്ങനാശേരിയിൽനിന്നും ഏറ്റുമാനൂരിലേക്കുപോയ കെഎസ്ആർടിസി ബസിൽ എതിരേ വന്ന മാരുതി ഓൾട്ടോ 800 കാർ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ മുൻ സീറ്റിലിരുന്ന രണ്ടുപേരെ കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.
ബന്ധുവിന്റെ സംസ്കാരത്തിൽ പങ്കെടുത്തശേഷം മുരളിയെ കവിയൂരിലുള്ള വീട്ടിൽ എത്തിക്കുവാൻ പോകുംവഴിയാണ് അപകടം. ചങ്ങനാശേരി ഡിപ്പോയിലെ ബസാണു അപകടത്തിൽപ്പെട്ടത്.
പുതുപ്പള്ളിയിൽനിന്നും ചങ്ങനാശേരി ഭാഗത്തേക്കു പോയ കാർ നിയന്ത്രണംവിട്ട് ബസിന്റെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാർ കനത്തമഴയെത്തുടർന്നു റോഡിൽനിന്നും തെന്നിപ്പോയതിനെത്തുടർന്നാണ് ബസിനടിയിലേക്കു ഇടിച്ചു കയറിയതെന്ന് പോലീസ് പറഞ്ഞു.