ജിബിൻ കുര്യൻ
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടു പ്പിനു തൊട്ടു പി ന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളും വേഗത്തിലാക്കി ബിജെപി.
ഇതിനായി ദേശീയ അധ്യക്ഷൻ ജെപി ദണ്ഡയുടെ നിർദേശ പ്രകാരം 140 നിയോജക മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങൾ തെരഞ്ഞെടുക്കുകയും സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.
ഈ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തി സജീവപ്രവർത്തനം ആരംഭിക്കാനും സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകിയിട്ടുണ്ട്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്തിനു പുറമേ കഴക്കൂട്ടം,
ആറൻമുള, ചെങ്ങന്നൂർ, പാലക്കാട്, മലന്പുഴ, തൃശൂർ, വട്ടിയൂർകാവ്, പുതുക്കാട്, മണലൂർ, കാസർഗോഡ് തുടങ്ങിയ മണ്ഡലങ്ങളാണ് എ ക്ലാസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നേമത്ത് സിറ്റിംഗ് എംഎൽഎ ഒ. രാജഗോപാൽ മത്സരരംഗത്തുണ്ടാവില്ല. പകരം. രാജ്യസഭാംഗമായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സുരേഷ് ഗോപിയിലൂടെ സീറ്റ് നിലനിർത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടമാണ് ഇത്തവണ പിടിച്ചെടുക്കാനായി ബിജെപി തയാറെടുക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തന്നെ മത്സരരംഗത്തിറക്കും.
കേന്ദ്രമന്ത്രി വി.മുരളീധരൻ തന്നെയാണ് സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിനു ചുക്കാൻ പിടിക്കുന്നതും. സുരേന്ദ്രൻ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ആറൻമുളയിൽ രംഗത്തിറക്കാനാണ് തീരുമാനം. അതേ സമയം വട്ടിയൂർക്കാവിലും കുമ്മനത്തെ പരിഗണിക്കുന്നുണ്ട്.
ചെങ്ങന്നൂരിൽ എം.ടി. രമേശിനെയും പാലക്കാട് ശോഭാ സുരേന്ദ്രനെയും ബിജെപി രംഗത്തിറക്കും. ഈ രണ്ടു മണ്ഡലങ്ങളിലും ഇത്തവണ ബിജെപി ജയസാധ്യത ഉറപ്പിക്കുന്നു.
സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ തൃശൂരിൽ മത്സരിപ്പിക്കാനാണ് നിർദേശം. ഇതിൻ പ്രകാരം സന്ദീപ് വാര്യർ വക്താവ് എന്ന പ്രവർത്തനത്തിനു പുറമേ തൃശൂർ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
മലന്പുഴയിൽ കൃഷ്ണകുമാർ, മണലൂരിൽ സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇവരും മണ്ഡലത്തിൽ സജീവമാണ്.
വട്ടിയൂർകാവിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെ മത്സരിപ്പിക്കാനും സംസ്ഥാന നേതൃത്വത്തിനു തത്പര്യമുണ്ട്.
ആർഎസ്എസ് നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് എ ക്ലാസ് മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് ബിജെപി ഇപ്പോഴേ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.