സ്വന്തം ലേഖകന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് കുരുക്കാന്‍ ഒരുങ്ങിയതു പുതിയ കേസില്‍. സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസാണു പുതിയതായി എത്തുന്നത്.
ഇതു സംബന്ധിച്ചു എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണു ശേഖരിച്ചത്.
ഇതോടൊപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ നല്കിയ നിര്‍ണായകമൊഴിയില്‍ ശിവശങ്കറിനെതിരേ സുപ്രധാനവിവരങ്ങളുണ്ട് എന്നാണു സൂചന.
ഇതെല്ലാം ചേര്‍ത്ത് പുതുതായി റജിസ്റ്റര്‍ ചെയ്ത കേസിലാണു ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയതെന്നാണ് വിവരം. ശിവശങ്കര്‍ 16 പ്രാവശ്യത്തോളം വിദേശയാത്ര നടത്തിയിട്ടുണ്ട്.
ഇതില്‍ ആറു പ്രാവശ്യം സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നു. ഇതെല്ലാം സര്‍ക്കാരുമായി ബന്ധപ്പെട്ട കേസുകളുമാണ്. ഇതാണു ശിവശങ്കറിനെ കുരുക്കുന്നത്.
വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് പുതിയ ഒക്കറന്‍സ് റിപ്പോര്‍ട്ട് കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എഫ്ഐആറിന് പകരം കസ്റ്റംസ് ഇത്തരത്തില്‍ പുതിയ കേസിനുള്ള പ്രാഥമിക റിപ്പോര്‍ട്ടിന് പറയുന്ന പേര് ഒക്കറന്‍സ് റിപ്പോര്‍ട്ട് എന്നാണ്.
സ്വപ്ന സുരേഷ് 1,90,000 ഡോളര്‍ വിദേശത്തേക്ക് പല ഘട്ടങ്ങളിലായി കടത്തിയിട്ടുണ്ട് എന്നാണു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. ആ ഘട്ടങ്ങളിലെല്ലാം ശിവശങ്കറും സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്ന സൂചനകളാണു കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. അതിനാലാണു വെള്ളിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്.
അതും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാവുന്ന സമയം കഴിഞ്ഞ ശേഷം. ശനിയും ഞായറും കോടതി അവധിയായതിനാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്കാന് ശിവശങ്കറിന് കഴിയില്ല.
ഇതടക്കം പരിഗണിച്ച് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് നോട്ടീസ് നല്കി അദേഹത്തെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു നാലു പ്രാവശ്യം കസ്റ്റംസ് ചോദ്യം ചെയ്തു കഴിഞ്ഞു. തെളിവുകള്‍ ശേഖരിച്ചശേഷം വീണ്ടും വിളിപ്പിക്കാനായിരുന്നു കസ്റ്റംസിന്റെ തീരുമാനം.
എല്ലാ തെളിവുകളും ശേഖരിച്ചശേഷം പുതിയ കേസ് ചാര്‍ജ് ചെയ്തു അറസ്റ്റു ചെയ്യാനുള്ള നീക്കമാണു ശിവശങ്കര്‍ വിദഗ്ധനായി ഒഴിവാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു. അതിനുശേഷം വെള്ളിയാഴ്ചയും അദേഹത്തെ കസ്റ്റംസ് വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും ആരോഗ്യപ്രശ്നമുണ്ടെന്നും അദേഹം കസ്റ്റംസിനോട് പറഞ്ഞു.
എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് എം. ശിവശങ്കര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണു കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്.
അത് പരിശോധിച്ചപ്പോഴാണു സ്വര്‍ണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം. ശിവശങ്കറിന് മനസിലായത്.
കസ്റ്റംസ് ആക്ടിലെ 108 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ ബന്ധമുണ്ടെന്നു വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണു ശിവശങ്കറിന് നല്‍കിയത്.
ഇതിനു പിന്നാലെ നോട്ടീസിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തു. ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ എന്ന് വീണ്ടും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ, അദേഹം വീട്ടില്‍നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.