കാഞ്ഞിരപ്പള്ളി: മടിയിൽ കനമുള്ളവർ മാത്രം പച്ചക്കറി കടയിൽ കയറിയാൽ മതിയെന്നാണ് നിലവിലെ അവസ്ഥ. കാരണം, തൊടുന്നതിനെല്ലാം പൊന്നും വിലയാണ്.
ദിനംപ്രതിയാണ് പച്ചക്കറിക്ക് വില കൂടുന്നത്. കനത്ത വിലക്കയറ്റം ജനങ്ങളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്.
കാരറ്റിന്റെ വിലയാണ് അന്പരപ്പിക്കുന്നത്. കിലോ 100 രൂപ. ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമാണ് കാരറ്റിന്റെ വില കൂടിയത്. സവാള-65, ചുവന്നുള്ളി-100, ബീറ്റ്റൂട്ട്-48, ഉരുളക്കിഴങ്ങ്-48, കാബേജ്-40, മുരിങ്ങയ്ക്ക-40, പച്ചമുളക്-70, വള്ളിപ്പയർ-40, മുരിങ്ങയ്ക്ക-40 എന്നിങ്ങനെ പോകുന്നു മൊത്തവിതരണ കേന്ദ്രങ്ങളിലെ വിലവിവരപ്പട്ടിക.
നാട്ടിൻപുറങ്ങളിലെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇവ എത്തുന്പോൾ വില പിന്നെയും കൂടും.
ഓണക്കാലത്ത് 35 രൂപയായിരുന്ന സവാള വില പിന്നീട് കുതിച്ചുകയറുകയായിരുന്നു. കഴിഞ്ഞയാഴ്ച 48 രൂപയായിരുന്ന വിലയാണ് നിലവിൽ 60 ആയത്.
ചുവന്നുള്ളിക്കും ഇരട്ടിയോളമാണ് വില വർധിച്ചത്. കഴിഞ്ഞയാഴ്ചയിൽ 20 രൂപയ്ക്ക് ലഭിച്ചിരുന്ന മുരിങ്ങയ്ക്കയുടെ വില നിലവിൽ 40 ആയി. ഒരു കിലോ നെല്ലിക്കയ്ക്ക് 50 രൂപ നൽകണം.
20 രൂപയ്ക്ക് ലഭിക്കുന്ന കോവയ്ക്ക മാത്രമാണ് വില ഉയരാതെ നിൽക്കുന്നത്. ബീൻസ്-30, മത്തങ്ങ-20, തക്കാളി പഴം-30, ഇഞ്ചി-40 എന്നിവയ്ക്കും കാര്യമായ വിലവർധനവ് ഉണ്ടായില്ല.
സവാള, ഉള്ളി ഉൾപ്പടെയുള്ളവയുടെ വില വരും ദിവസങ്ങളിലും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ദുരിതത്തിലായ ജനത്തിന് ഫലത്തിൽ പച്ചക്കറിയുടെ തീവില ഇരുട്ടടിയായിരിക്കുകയാണ്.
വിപണിയിൽ സർക്കാരിന്റെ കാര്യമായ ഇടപെടലുണ്ടായില്ലെങ്കിൽ ജനത്തിന് ദുരിതം ഇരട്ടിയാകും.