സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നും നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നടുവേദനയും ആണുള്ളതെന്നും ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്.
മെഡിക്കൽ റിപ്പോർട്ട് വന്ന് രണ്ടു മണിക്കൂറിനുള്ളിൽ ശിവശങ്കറിനെ വിദഗ്ധ ചികിത്സയ്ക്കും കൂടുതൽ പരിശോധനകൾക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഡോളർ വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാനായി പൂജപ്പുരയിലെ വസതിയിൽ നിന്നു കസ്റ്റംസ് വാഹനത്തിൽ കൊണ്ടുപോയ ശിവശങ്കറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കൂടി ആവശ്യപ്രകാരമാണു കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞതിനെത്തുടർന്ന് ശിവശങ്കറിന് ഇന്നലെ രാവിലെ ആൻജിയോഗ്രാം ചെയ്തു . ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഇതിൽ കണ്ടെത്തി.
കടുത്ത നടുവേദനയുണ്ടെന്നു പറഞ്ഞതിനെത്തുടർന്നുള്ള പരിശോധനയിൽ നട്ടെല്ലിനു തകരാറുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും വ്യക്തമാക്കിയുള്ള മെഡിക്കൽ ബുള്ളറ്റിൻ സ്വകാര്യ ആശുപത്രി അധികൃതർ ഉച്ചയ്ക്കു 12ന് പുറത്തിറക്കി. ഇതോടെ ആശുപത്രി മാറ്റാനുള്ള നീക്കങ്ങൾ കസ്റ്റംസ് അധികൃതർ തുടങ്ങി.
പുറംവേദനയുമായി ബന്ധപ്പെട്ടു വിദഗ്ധ പരിശോധന നടത്തി, ആ പ്രശ്നം എത്രത്തോളമുണ്ടെന്നു കണ്ടെത്തുകയായിരുന്നു കസ്റ്റംസിന്റെ ലക്ഷ്യം. ഇതിനായി രണ്ടു മണിയോടെ സ്വകാര്യ ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച ചാനൽ കാമറമാൻമാർക്കു നേരെ ആശുപത്രിയിൽ നിന്നെത്തിയ ആളിന്റെ നേതൃത്വത്തിൽ പോലീസ് നോക്കി നിൽക്കേ ആക്രമണമുണ്ടായി.