അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശവും നടി പാര്‍വതിയുടെ താരസംഘടനയില്‍ നിന്നുള്ള രാജിയെ കുറിച്ചുമുള്ള വിവാദത്തില്‍ എത്രയും പെട്ടന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്ന് എക്സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജ്.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിർമിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ.
അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍വതി സംഘടനയില്‍ നിന്ന് രാജി വെച്ചത്.
തുടര്‍ന്ന് സംഘടനയുടെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നടിമാരായ പത്മപ്രിയയും രേവതിയും അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ബാബുരാജിന്റെ പ്രതികരണം.
ഇടവേള ബാബുവിന്റെ മറുപടി നടിയെ വേദനിപ്പിക്കാനാണെങ്കില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും താന്‍ നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.
ബുധനാഴ്ച നടിയുമായി സംസാരിച്ചിരുന്നെന്നും കാരണം അന്വേഷിച്ച് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി 20 സിനിമയുടെ തുടര്‍ച്ചയെക്കുറിച്ച് ചാനലില്‍ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി എന്നായിരുന്നു ഇടവേള ബാബു ഞങ്ങളോട് പറഞ്ഞത്.
നിലവില്‍ തീരുമാനിച്ച സിനിമ ട്വന്റി 20യുടെ തുടര്‍ച്ചയല്ല. പല സിനിമകളിലും അമ്മയുടെ അംഗങ്ങളല്ലാത്ത അഭിനേതാക്കള്‍ ഉണ്ട്. അമ്മ നടത്തിയ ഷോകളില്‍ പോലും ഇത്തരത്തില്‍ അഭിനേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്.
ആരൊക്കെ അഭിനയിക്കും ഇല്ല എന്നത് പൂര്‍ണമായും നിര്‍മ്മാതാവിന്റെയോ അല്ലെങ്കില്‍ സംവിധായകന്റെയോ വിവേചനാധികാരമാണ് – ബാബുരാജ് പറഞ്ഞു.
നടന് സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ചും ബാബുരാജ് പ്രതികരിച്ചു. ‘ഞങ്ങള്‍ക്ക് പരാതി ലഭിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് നടപടിയെടുക്കാന്‍ കഴിയൂ.
ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം പാര്‍വതി അമ്മയുടെ പ്രസിഡന്റിന് പരാതി നല്കിയിരുന്നെങ്കില് ഞങ്ങള്‍ തീര്‍ച്ചയായും നടപടിയെടുക്കുമായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.