സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ പോലീസുകാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ ഏല്‍ക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ഐപിഎസ് ഓഫീസര്‍.
കെഎപി മൂന്നാം ബറ്റാലിയനിലെ കമാന്‍ഡന്റ് ജെ.ജയനാഥ് ആണ് പോലീസിലെ പുതുമുഖങ്ങള്‍ക്ക് ആത്മവീര്യം നല്കുന്ന വാക്കുകളുമായെത്തിയത്.
പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ച വാക്കുകള്‍ പോലീസ് സേനയ്ക്കുള്ളില്‍ ഇതിനകം വൈറലായി മാറി. “ശരാശാരി പോലീസുകാരന് പട്ടിയുടെ വിലപോലും കൊടുക്കാത്ത മേലുദ്യോഗസ്ഥരാണുള്ളത്.
പോലീസുകാരുടെ സൗകര്യങ്ങള്‍ നോക്കുകയോ അവര്‍ എങ്ങനെ ജീവിക്കുമെന്ന് നോക്കുകയോ ചെയ്യുന്നില്ല. സ്വാഭാവികമായി ഇതിന് പോലീസുകാരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളുണ്ടാവും.
ആ പ്രതികരണങ്ങളാണ് പൊതുജനങ്ങളോട് പോലീസുകാര്‍ കാണിക്കുന്നത്’ നിങ്ങളോട് മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ നിങ്ങളും ചെയ്താല്‍ ഒരു വ്യത്യാസവുമില്ലാത്തവരായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നമുക്ക് നമ്മുടെതായുള്ള നിലപാടുകളുണ്ട്. വിലയുണ്ട്. യൂണിഫോമിന് വിലയുണ്ട്. പട്ടാളവും പോലീസുമെല്ലാം ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് ഏറ്റവും അവിഭാജ്യമായ ഘടകങ്ങളാണ്.
ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുന്ന ഇത്തരത്തിലുള്ള വേറൊരു ജോലിയില്ല. വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നാണിത് പറയുന്നത്. കാക്കിക്ക് അന്തസ് കൊടുത്ത് ജീവിക്കുകയാണെങ്കില്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരും.
പലപ്പോഴും ഒറ്റയ്ക്കാവും. പക്ഷേ മരിക്കുമ്പോള്‍ അഭിമാനത്തോടെ മരിക്കാം. പിന്തലമുറക്കാര്ക്ക് അഭിമാനത്തോടെ അക്കാര്യം പറയാനാവും.
മറ്റു രീതിയില്‍ ജീവിക്കുകയാണെങ്കില്‍ പല ഭൗതിക സുഖങ്ങളുമുണ്ടാവും. എന്നാല്‍ അഭിമാനമുണ്ടാവില്ല. പുഴുവായോ പട്ടിയായോ ജീവിച്ച് മരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ ഓരോ പോലീസുകാരനുമാണ് സ്വയം തീരുമാനമെടുക്കേണ്ടത്.
ഈ തീരുമാനമായിരിക്കും മുന്നോട്ടുള്ള യാത്രയ്ക്ക് സഹായിക്കുന്നത്. അന്തസുള്ളവര്‍ ഒരിക്കലും തോല്‍ക്കില്ല. അവര്‍ തോറ്റ ചരിത്രമില്ല.
മേലുദ്യോഗസ്ഥന്മാരില് നിന്നും പൊതുജനങ്ങളില്‍ നിന്നുമെല്ലാം കഷ്ടപ്പാടുകള്‍ നേരിടും.പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റിനുള്ള കമന്റില്‍ പൊതുജനങ്ങള്‍ക്ക് പോലീസുകാരോടുള്ള മനോഭാവം പ്രകടമാവും.
ജനങ്ങള്‍ക്കിടയില്‍ അത്തരം വിചാരം ഉണ്ടാക്കിയെടുത്തത് പോലീസ് സേനാംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരിക്കെ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ ജെ.ജയനാഥ് രംഗത്തുണ്ടായിരുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുത്ത അദ്ദേഹത്തെ ആറു മാസം കൊണ്ടു തന്നെ കോഴിക്കോട് നിന്ന് സ്ഥലം മാറ്റാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.
അതേസമയം സ്ഥലംമാറ്റത്തിന് പിന്നാലെ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് അദ്ദേഹത്തിന് അഭിനന്ദനമറിയിച്ചുകൊണ്ട് കത്ത് നല്കി.
സംസ്ഥാന പോലീസില്‍ തന്നെ ഇത്തരത്തില്‍ സ്ഥലം മാറുന്ന ഉദ്യോഗസ്ഥന് ഡിജിപി പ്രശംസിച്ചുകൊണ്ട് കത്തെഴുതിയ നടപടി അത്യപൂര്‍വമായിരുന്നു.