ആലുവ: നഗരമധ്യത്തിൽ കാരോത്തുകുഴി ആശുപത്രിക്കു സമീപം പൂട്ടിക്കിടന്ന വീട്ടിൽനിന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കുടുങ്ങി.
മോഷ്ടിച്ച സ്വർണപ്പേനയടക്കം വിൽക്കാൻ എത്തിയ പ്രതികളെ ആലുവ ഈസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലുകൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ലക്കാട് ഒലവക്കോട് മേലേമുറി റയിൽവേ പാലത്തിനു സമീപം താമസിക്കുന്ന ആനന്ദ് (33), തമിഴ്നാട് കളളക്കുറിച്ചി കാലമ്പലം ന്യൂ കോളനിയിൽ സെന്തിൽ കുമാർ (36) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടാക്കൾ വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറി വിലപിടിപ്പുള്ള സ്വർണം പൂശിയ പേന, വജ്രം പതിപ്പിച്ച വാച്ച്, എൽഇഡി ടിവി, വീഡിയോ കാമറ, സ്റ്റിൽ കാമറ, ഹെഡ് ഫോൺ, ബൈനോക്കുലർ, പൗരാണികമായ ഫ്ലവർവേസ്, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉടമസ്ഥർ വന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. മോഷ്ടിച്ച വസ്തുക്കൾ വില്പന നടത്തിയ കടയിൽനിന്നും തൊണ്ടിമുതൽ കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശകാരം ഡിവൈഎസ്പി ജി. വേണുവിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് ആലുവയിൽനിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.