മുക്കം: ഒറ്റ പെൺകുട്ടി സ്കോളർഷിപ് പദ്ധതിയുടെ പേരിൽ സാമൂഹിക മാധ്യമങ്ങൾ വഴി തട്ടിപ്പ് വർധിക്കുന്നു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുമായി സാദൃശ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
ഒറ്റ പെൺകുട്ടി ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിക്കുന്നുണ്ടെന്നും എത്രയും വേഗം അപേക്ഷ നൽകണമെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2,000 രൂപ മുതൽ ഇരുപതിനായിരം രൂപ വരെ മാസം സ്കോളർഷിപ്പായി ലഭിക്കുന്നുവെന്നാണ് പ്രചാരണം.
നോട്ടറി അഫിഡവിറ്റ്, നൂറ് രൂപ ഫീസ്, മാതാപിതാക്കൾക്ക് ഒറ്റ പെൺകുട്ടി ഉണ്ടെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണമെന്നാണ് സന്ദേശങ്ങളിൽ പറയുന്നത്.
ഇത് തീർത്തും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. രണ്ട് വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമാണ് ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് നൽകുന്നത്.
11, 12 ക്ലാസുകളിൽ പഠിക്കുന്ന സിബിഎസ്ഇ വിദ്യാർഥിനികൾക്ക് സിബിഎസ്ഇ നൽകുന്ന സ്കോളർഷിപ്പും പിജി കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥിനികൾക്ക് യുജിസി നൽകുന്ന ഇന്ദിരാഗാന്ധി ഒറ്റപെൺകുട്ടി സ്കോളർഷിപ്പും.
രണ്ടു സ്കോളർഷിപ്പുകളുടെയും വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഏറ്റവും പഠന നിലവാരമുള്ള കുറഞ്ഞ വിദ്യാർഥിനികൾക്ക് മാത്രമാണ് ഈ സ്കോളർഷിപ്പുകൾ നൽകുന്നത്.
ഇന്ത്യയിലാകമാനം റഗുലർ സ്കീമിൽ പഠിക്കുന്ന 3,000 പേർക്ക് മാത്രമാണ് യുജിസി സ്കോളർഷിപ്പ് നൽകുന്നത്. മാത്രമല്ല ഈ വർഷത്തേക്കുള്ള അപേക്ഷ യുജിസി ക്ഷണിച്ചിട്ട് പോലുമില്ല.
രക്ഷിതാക്കൾ മാത്രമല്ല, അധ്യാപകരും ജനപ്രതിനിധികളും പൊതു പ്രവർത്തകരുമടക്കം ഈ വ്യാജ സന്ദേശങ്ങളുടെ പ്രചാരകരായി മാറുന്നുണ്ടെന്ന് മുക്കം നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പറയുന്നു.
ഇതുവഴി ഒറ്റ പെൺകുട്ടികളുള്ള ഒരുപാട് രക്ഷിതാക്കളാണ് കബളിപ്പിക്കപ്പെടുന്നതെന്നും സാക്ഷ്യപത്രത്തിനായി നിരവധി രക്ഷിതാക്കളാണ് ജോലി പോലും ഒഴിവാക്കി മിക്ക ദിവസങ്ങളിലും നഗരസഭ ഓഫിസിൽ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അനധികൃത ഓൺലൈൻ അപേക്ഷാ കേന്ദ്രങ്ങളിൽ വൻതോതിൽ ഫീസ് വാങ്ങി സ്കോളർഷിപ്പ് അപേക്ഷകൾ വ്യാപകമായി സ്വീകരിക്കുന്നുണ്ട്. സിബിഎസ്ഇയുടെ വെബ്സൈറ്റുമായി സാദൃശ്യമുള്ള വ്യാജ വെബ്സൈറ്റിലേക്കാണ് അപേക്ഷകൾ പോകുന്നത്.