പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ കേളോത്തെ സി. ലക്ഷ്മിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്ദാനത്തെചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു.
വീട് നിര്‍മിച്ച് നല്‍കിയത് മഹിളാ കോണ്‍ഗ്രസ് ആണെന്ന അവകാശവാദമുന്നയിച്ച് താക്കോല്‍ ദാനം ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയെക്കൊണ്ട് നിര്‍വഹിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ കിടന്നിരുന്ന വീടിന്റെ നിര്‍മാണം ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ട പദ്ധതിയുലുള്പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചതെന്ന് നഗരസഭ ചെയര്മാന് പറയുന്നു.
ലൈഫ് പദ്ധതിയില്‍ അനുവദിച്ച 3,15,000 രൂപ ചെലവഴിച്ചാണ് ലക്ഷ്മിയുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത് പയ്യന്നൂര്‍ ലയണ്‍സ് ക്ലബാണെന്ന അവകാശവാദവുമായി പയ്യന്നൂര്‍ ലയണ്‍സ് ക്ലബും രംഗത്തു വന്നിരുന്നു.
നഗരസഭ ലൈഫ് മിഷന് പദ്ധതിയുമായി സഹകരിച്ച് നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ഗവര്‍ണറുടെ സന്ദര്‍ശന ദിവസം നിര്‍വഹിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ലയണ്‍സ് ക്ലബ് പറയുന്നത്.
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഇവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി മുമ്പ് ഫണ്ട് അനുവദിച്ചിരുന്നു. ഇതില്‍നിന്ന് 60,000 രൂപ കൈപ്പറ്റിയിരുന്നു.
കല്ലും പൂഴിയും ഇറക്കിയെങ്കിലും സാമ്പത്തിക പരാധീനത കാരണം നിര്‍മാണം പാതിവഴിയില്‍ നിലക്കുകയായിരുന്നു. പിന്നീട് പിഎംഎവൈ – ലൈഫ് മിഷന് പദ്ധതി ആരംഭിച്ച ഘട്ടത്തില്‍ ഇത്തരത്തില്‍ പാതി വഴിയിലായ വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് നഗരസഭ മുന്‍ഗണന നല്‍കുകയും ലക്ഷ്മിക്ക് നാല് ഘട്ടങ്ങളിലായി 3,15,000 രൂപ നല്കിയിരുന്നുവെന്നതും സത്യംതന്നെ.
എന്നാല്‍ ഇതില്‍ 1,05,000 രൂപയാണ് മൂന്നു ഘട്ടങ്ങളിലായി ബാങ്കില്‍നിന്നും ലഭിച്ചതെന്നും ബാക്കിപ്പണത്തിന് എന്തുസംഭവിച്ചുവെന്നും അറിയില്ലെന്നും ലക്ഷ്മിയുടെ ശുശ്രൂഷകനും സഹായിയും ബന്ധുവുമായ ബാലചന്ദ്രന് പറയുന്നു.
വീടിന്റെ നിർമാണം നിലച്ചിരുന്ന ഘട്ടത്തിലാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് സണ്‍ഷേഡ്, മെയിന്‍ സ്ലാബ് എന്നിവ കോണ്‍ക്രീറ്റ് ചെയ്തത്. കുറച്ചുപെയിന്റും വാങ്ങിത്തന്നു.
മാഹിയിലെ വ്യാപാരിയുമായി ബന്ധപ്പെട്ട് കുറച്ച് ടൈലുകള്‍ സംഘടിപ്പിച്ച് നല്‍കിയെന്നും ബാലചന്ദ്രന് പറഞ്ഞു. വീണ്ടും അനിശ്ചിതത്വത്തിലായ വീടുപണി പൂര്‍ത്തീകരിച്ചത് അയല്‍വാസിയും ലയണ്‍സ് ക്ലബിലെ അംഗവുമായ റാഫിയുടെ ഇടപെടലിലൂടെയാണ്.
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ തേപ്പുപണി പൂര്‍ത്തികരിച്ചുവെന്നും ക്ലബിന്റെ പുതിയ ഭരണസമിതിയാണ് നാല് വാതിലുകളും ജനലുകളും വാങ്ങിയതെന്നും ഇയാള്‍ പറയുന്നു.
ബാക്കിയുള്ള ആവശ്യങ്ങള്‍ക്ക് പയ്യന്നൂരില്‍നിന്നും തിരിവു ടൈലുകള്‍ പത്തായിരം രൂപകൊടുത്ത് വാങ്ങുകയായിരുന്നു.
നേരത്തെ കിട്ടിയിരുന്ന പെയിന്റ് സ്വന്തം ചെലവിലാണ് ഉപയോഗപ്പെടുത്തിയതെന്നും ഒരുലക്ഷത്തി പത്തായിരം രൂപ അറ്റകുറ്റപ്പണികള്‍ക്കായി ചെലവിട്ടതായും താക്കോല്‍ദാന ചടങ്ങിനോട് താല്പര്യമില്ലായിരുന്നുവെന്നും ബാലചന്ദ്രന് പറഞ്ഞു.
ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ വര്‍ഷങ്ങളോളം കഴിഞ്ഞിരുന്ന ലക്ഷ്മിക്ക് തലചായ്ക്കാന്‍ ഇടമായതില് അശ്വാസമുണ്ട്. അങ്കൺവാടിയില്‍ ആയയായിരുന്നു ലക്ഷ്മി. കടുത്ത നടുവേദന മൂലം കാഞ്ഞങ്ങാട് ചികിത്സയില്‍ കഴിയുന്ന ഇവര്‍ നടക്കാനാവാതെ കിടപ്പിലാണ്.
വീടിന്റെ താക്കോല്‍ദാനം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് പയ്യന്നൂരിലെ സജീവ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. ഇത്തരം വിവാദങ്ങള്‍ ചികിത്സയില്‍ കഴിയുന്ന അറുപത്തേഴുകാരിയായ ലക്ഷ്മിയമ്മയ്ക്കും അവരെ സഹായിക്കുന്ന ബാലചന്ദ്രനും മാനസിക പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്.
സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെങ്കിലും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മുടക്കിയ തുക എത്രയാണെന്ന് പറഞ്ഞാല്‍ വീടും സ്ഥലവും പണയപ്പെടുത്തിയാണെങ്കിലും കൊടുത്തുതീര്‍ക്കാമെന്നാണ് ബാലചന്ദ്രന് പറയുന്നത്.