കൊച്ചി: സ്വർണക്കടത്ത് കേസിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നു. സ്വപ്നയടക്കം ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഇനിയും ഇതിന്റെ പിന്നിലുള്ള ആസൂത്രകരെയോ സ്വർണം കൊടുത്തുവിട്ടവരെയോ പിടികൂടാനോ ചോദ്യംചെയ്യാനോ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല.
പിടിയിലായവരെ ചുറ്റിപ്പറ്റിയും പിന്നെ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ കേന്ദ്രീകരിച്ചും അന്വേഷണം കിടന്നു കറങ്ങുന്ന കാഴ്ചയാണ് കുറെ ആഴ്ചകളായുള്ളത്.
പിടിയിലായവർ തന്നെ കോൺസുലേറ്റിനെ ലക്ഷ്യമാക്കിയുള്ള മൊഴികൾ തുടർച്ചയായി നൽകുന്നതാണ് അന്വേഷകരെ വെട്ടിലാക്കിയിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനാകാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ.
അട്ടിമറിയോ?
എന്നാല്‍, കേസ് അട്ടിമറിക്കാനുള്ള സംഘടിതമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് യുഎഇ കോണ്‍സുലേറ്റിനെയും ഉദ്യോഗസ്ഥരെയും ലക്ഷ്യംവയ്ക്കുന്നതെന്നാണു സൂചനകള്‍.
യുഎഇ കോണ്‍സുലേറ്റ് ജനറാള്‍, അറ്റാഷെ തുടങ്ങിയവരെ ലക്ഷ്യംവയ്ക്കുന്നതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന നിയമോപദേശമാണു പ്രതികള്‍ക്കു ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ബുദ്ധികൂര്‍മതയും ഈ കേസില്‍ നിര്ണായകമാകുകയാണ്.
ഒരു തരത്തിലും കേസിനെ മുന്നോട്ടു കൊണ്ടു പോകാന്‍ സമ്മതിക്കാതെയാണ് സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് , സിബിഐ തുടങ്ങിയ എല്ലാ കേന്ദ ഏജന്‍സികളും പ്രതികള്‍ക്കു കറങ്ങി നിൽക്കുന്ന രീതിയിലാണു കേസ് മുന്നോട്ടു പോകുന്നത്.
കാഴ്ചക്കാർ
ലൈഫ് മിഷന് കേസില്‍പോലും സിബിഐ വെറും കാഴ്ചക്കാരായി നില്ക്കുന്ന അവസ്ഥയിലേക്കാണു നീങ്ങുന്നത്. ലൈഫ് മിഷന് പോലും യുഎഇയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ടു അന്വേഷണ ഏജന്‍സികള്‍ക്കു നിശബ്ദരാവേണ്ട അവസ്ഥയുണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തീവ്രവാദ ബന്ധം തെളിയിക്കാന്‍ ഇതുവരെ കാഴിയാത്ത അവസ്ഥയില്‍ എന്‍ഐഎയ്ക്കു തിരിച്ചടി ലഭിച്ചു കഴിഞ്ഞു.
യുഎപിഎ ചുമത്തിയ പത്ത് പ്രതികള്‍ എന്‍ഐഎയെ കാഴ്ചക്കാരാക്കി നിര്‍ത്തിയാണു കോടതി വിധിയില്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നത്. തീവ്രവാദം തെളിയിക്കാന്‍ കഴിയാത്തതാണു കാരണം.
സന്ദീപ് നായരുടെ മൊഴിയാണ് ആകെ ഒരു ആശ്വാസമായി നില്‍ക്കുന്നത്. ഇതു കേസില്‍ നിര്‍ണായകമാണെങ്കിലും മറ്റു പ്രതികളുടെ മൊഴികളെല്ലാം കോണ്സുലേറ്റിലേക്കു നീങ്ങുന്നത്.
സ്വര്‍ണക്കടത്തിലെ പ്രധാനപ്രതികളായ ഫൈസല്‍ ഫാരിദീനെയും റെബിന്സനെയും ഇതുവരെ ദുബായിയില്‍നിന്നും നാട്ടിലെത്തിക്കാന്‍ കഴിയാത്തതും അന്വേഷണ ഏജന്‍സികളുടെ പരാജയമാണ്.
ചികിത്സാ തന്ത്രം
ഇതിനിടയിലാണു ശിവശങ്കറിന്റെ ചികിത്സാതന്ത്രം. 23വരെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നതു കോടതി തടഞ്ഞെങ്കിലും, അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കഴിയുമായിരുന്നു. ആയുര്‍വേദ ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കിയേക്കും.
ശിവശങ്കറിന്റെ നടുവേദന ഗുരുതരമല്ലെന്നും, വേദനസംഹാരി കഴിച്ച് വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നുമാണു മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ചികിത്സ തുടരും
നേരത്തേ, ഡിസ്കിന് വേദനയുണ്ടായപ്പോള്‍ രണ്ടുവട്ടം നട്ടെല്ലില്‍ ഇന്ജക്ഷന് എടുത്തിട്ടുണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഈ കുത്തിവയ്പുകളും തുടര്‍ച്ചയായ യാത്രകളുമാണു വേദനയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ന്യൂറോസര്‍ജറി, ഓര്‍ത്തോ, കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ വിദഗ്ദ്ധപരിശോധനയ്ക്കുശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
കരമനയിലെ ആശുപത്രിയില്‍ എംആര്‍ഐ, സിടി പരിശോധനകളില്‍ ഡിസ്കിന് തള്ളല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഗൗരവസ്വഭാവത്തിലുള്ളതല്ലെന്നും, ഏതാനും ദിവസത്തെ വിശ്രമം മതിയെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.
നടുവേദന മാത്രമുള്ള ശിവശങ്കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരാന്‍ അനുവദിക്കുന്നതു കസ്റ്റംസ് നടപടികളില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാനുള്ള നാടകമാണെന്ന് കസ്റ്റംസും ആക്ഷേപമുന്നയിച്ചിരുന്നു.