ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: പുഴയോരങ്ങളിലെ പച്ചതുരുത്തുകളുടെ സംരക്ഷണവുമായി നാലംഗ വിദ്യാർത്ഥിനി സംഘത്തിന്റെ സൈക്കിൾ സവാരി. മംഗലം, മൂച്ചിതൊടി എന്നീ രണ്ട് പച്ച തുരുത്തുകളുടെ സംരക്ഷണ ദൗത്യവുമായാണ് അർച്ചനയും ശ്രുതിയും അഞ്ജനയും ആസ്മിയും രംഗത്തുള്ളത്.
ഏഴാംക്ലാസിലും ഒന്‍പതിലും പ്ലസ് ടുവിനും പഠിക്കുന്നവരാണ് ഇവർ. അഞ്ചുമൂർത്തിമംഗലം മൂച്ചിതൊടി സ്വദേശികളായ ഇവർ പ്രദേശത്തെ ഹരിത കാർഷിക ക്ലബ് കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
ദിവസവും രാവിലെ ഏഴിന് ഇവർ സൈക്കിൾ യാത്ര തുടങ്ങും. പ്രകൃതിയെ അടുത്തറിയുന്നതിനൊപ്പം ശുചിത്വ സന്ദേശം കൂടുതൽ ആളുകളിലെത്തിക്കുകയെന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് വിദ്യാർത്ഥിനികളുടെ ഈ പ്രഭാത യാത്ര.
തുരുത്തുകളിൽ ആടുമാടുകളോ സാമൂഹ്യവിരുദ്ധരോ അതിക്രമിച്ച് കടന്നാൽ ഇവർ ബന്ധപ്പെട്ടവരെ വിവരമറിയിച്ച് ശിക്ഷാനടപടി സ്വീകരിക്കും. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ മനസിലാക്കുന്നതിനും പക്ഷി നിരീക്ഷണത്തിനും ഇവർ സമയം കണ്ടെത്തുന്നും.
രാവിലെയുള്ള സൈക്കിൾ സവാരി നല്ലൊരു വ്യായാമം കൂടിയാണെന്ന് കുട്ടികൾ പറയുന്നു. പച്ചതുരുത്തിന്റെ കിഴക്കഞ്ചേരി ഡിവിഷൻ റിസോഴ്സ് പേഴ്സണ്‍ കെ.എം.രാജുവിന്റെ മേൽനോട്ടത്തിലാണ് കുട്ടി സംഘങ്ങളുടെ കറക്കം.
വടക്കഞ്ചേരി ടൗണിനടുത്ത് ശ്രീരാമ തിയേറ്ററിനുസമീപം മൂന്നേക്കറോളം വിസ്തൃതിയുള്ള പുതുകുളം നവീകരിച്ച് പച്ചതുരത്തായി രൂപാന്തരപ്പെടുത്തുന്ന പ്രവർത്തനങ്ങളും വാർഡ് മെംബർ പ്രസാദിന്റെ നേതൃത്വത്തിൽ നടക്കുന്നു.
ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട എട്ട് പച്ചതുരുത്തുകളിലൊന്ന് മംഗലം പുഴയോരത്താണ്. ഉദ്യാനസദൃശ്യമായ ഈ പച്ചതുരത്തിന് ഇതിനാൽ പ്രത്യേക അംഗീകാരവും ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അംഗീകാരപത്രം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസന് കൈമാറി.