നവാസ് മേത്തർ
തലശേരി: സംസ്ഥാനത്തെ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള ബാർ കൗൺസിലിൽ ഏഴുകോടി രൂപയുടെ വെട്ടിപ്പ്. ഇതു സംബന്ധിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ 27 ന് ഹൈക്കോടതി വാദം കേൾക്കും.
തലശേരിയിലെ അഭിഭാഷകനായ സി.ജി.അരുൺ അഡ്വ.ടി. ആസിഫലി മുഖാന്തിരം നൽകിയ ഹർജിയാണ് ഹൈക്കോടതി 27 ന് വീണ്ടും പരിഗണിക്കുന്നത്.
ഓഡിറ്റ് നടത്താതെ വിവിധ കാലയളവിൽ ബാർ കൗൺസിലിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും അഴിമതി പുറത്തുകൊണ്ടു വരണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അരുൺ ഹർജിയിൽ പറയുന്നു.
2012 ലെ കണക്ക് രേഖപ്പെടുത്താൻ 2015 ൽ ബുക്ക് വാങ്ങി എന്നതു തന്നെ കണക്കിൽ കൃത്രിമം കാണിക്കാനാണെന്ന് ബോധ്യപ്പെടും.
ഇപ്പോൾ നടക്കുന്ന അന്വേഷണം അക്കൗണ്ടന്റിൽ മാത്രം ഒതുങ്ങുന്നതാണ്. ബാർ കൗൺസിലിന്റെ സകല വസ്തുവകകളുടെയും കസ്റ്റോഡിയൻ ബാർ കൗൺസിൽ സെക്രട്ടറിയാണ്.
അക്കൗണ്ടന്റ് വെറും ജീവനക്കാരൻ മാത്രമാണ്. കൃത്രിമം നടത്തിയ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും ഹർജിയിൽ പറഞ്ഞു.
ചീഫ് സെക്രട്ടറി, ഡിജിപി, സിബിഐ ഡയറക്ടർ എന്നിവരുൾപ്പെടെ 10 പേരെ എതിർ കക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്. വിജിലൻസ് അന്വേഷണത്തിനിടയിൽ സസ്പെൻഡ് ചെയ്തിരുന്ന ബാർ കൗൺസിൽ ഉദ്യോഗസ്ഥനെ പിന്നീടു തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
അഭിഭാഷകരുടെ വെൽഫെയർ ഫണ്ടുമായി ബന്ധപ്പെട്ട് ഉൾപ്പെടെ ഗുരുതരമായ ക്രമക്കേടുകളാണ് ബാർ കൗൺസിലിനെതിരേ ഉയർന്നിട്ടുള്ളതെന്നും പരാതിക്കാരൻ പറയുന്നു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാർ കൗൺസിലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25 അഭിഭാഷകരാണുള്ളത്. വാശിയേറിയ തെരഞ്ഞെടുപ്പിലൂടെയാണ് ഇതിലേക്ക് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നത്.