ഗർഭം ധരിക്കുന്പോൾ മുതൽ ചില സ്ത്രീകൾക്ക് പല ആശങ്കകളാണ്. അതുകൊണ്ടുതന്നെ കൂടുതൽ സമയം വിശ്രമത്തിനായി അവർ മാറ്റി വയ്ക്കുന്നു.
പ്രസവം അടുക്കാറാകുമ്പോഴേക്കും പൂർണ വിശ്രമത്തിലേക്ക് അവർ മാറും. ചിലരുടെ കാര്യത്തിൽ ഇത് ഡോക്ടർമാർ നിർബന്ധിതമായി നിർദേശിക്കുന്നതതു കൊണ്ടാണ്.
ഇതിൽ നിന്നെല്ലാം വ്യത്യസ്തയായ ഒരു ഗർഭിണിയാണ് സോഷ്യൽ മീഡിയയിലെ താരം.
ഒമ്പതാം മാസത്തിൽ 1.6 കിലോമീറ്റർ ഓടിത്തീർത്ത് താരമായിരിക്കുകയാണ് ഒരു യുവതി. അതും വെറും അഞ്ചുമിനിറ്റ് കൊണ്ട്! മകെന്ന എന്ന യുവതിയാണ് ആ താരം.
മെകന്നയും ഭർത്താവ് മൈക്കൽ മൈലറും തമ്മിലുള്ള ഒരു പന്തയമാണ് ഈ ഒാട്ടത്തിനു പിന്നിലെ കാരണം.
മകെന്നയുടെ രണ്ടാംമാസത്തിലാണ് മൈലർ ബെറ്റിനെക്കുറിച്ച് പറയുന്നത്. ഒമ്പതാം മാസത്തിൽ 1.6 കിലോ മീറ്റർ ഓടിത്തീർക്കണമെന്നതായിരുന്നു വെല്ലുവിളി.
അതു എട്ട് മിനിറ്റുകൊണ്ട്! ബെറ്റ് ജയിച്ചാൽ 100 ഡോളറാണ് മൈലർ ഭാര്യക്ക് സമ്മാനിക്കാമെന്നാണ് വാഗ്ദാനം നൽകിയത്.
അന്നുതന്നെ സമ്മതം മൂളിയ മകെന്ന ഏഴുമാസങ്ങൾക്കിപ്പുറം അതു പ്രാവർത്തികമാക്കുകയും ചെയ്തു. അതു അഞ്ച് മിനിറ്റ് 25 സെക്കൻഡ് കൊണ്ട്.
ഭാര്യ ഓടുന്നതിന്റെ വീഡിയോയും മൈലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് മകെന്നയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. സ്ത്രീയുടെ ശക്തി ഇതാണെന്നും ഉരുക്കുവനിതയെന്നുമൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്.
സാധാരണ സ്ത്രീകൾക്ക് പോലും ഇത്രയും ദൂരം ഈ സമയം കൊണ്ട് ഒാടിത്തീർക്കാൻ കഴിയില്ലെന്നും ചിലർകുറിക്കുന്നു.
ഇതിനിടയിൽ ഒമ്പതാം മാസത്തിൽ ഓടുന്നതിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെട്ട് കമന്റ് ചെയ്യുന്നവരുമുണ്ട്.
എന്നാൽ കോളേജ് കാലം തൊട്ട് ട്രാക്കിൽ ഓടിയ പരിചയം മകെന്നയ്ക്കുണ്ടെന്നും ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഓടിയതെന്നുമാണ് ഇതിന് ഭർത്താവ് നൽകുന്ന മറുപടി.
മകെന്നയ്ക്കൊപ്പം മറ്റൊരു സ്ത്രീകൂടി സഹായത്തിനായി ഒാടിയിരുന്നു. എല്ലാ ആഴ്ചയിലും അഞ്ചു ആറും റൗണ്ട് ഒാടിയിരുന്നതായി മകെന്ന പറയുന്നു. ഈ പരിശീലനമാണ് ഇത്ര വേഗത്തിൽ ലക്ഷ്യ സ്ഥാനത്തെത്താൻ തന്നെ സഹായിച്ചത്- മകെന്ന പറഞ്ഞു.