പനാജി: ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലെക്കറിന്റെ ഫോണില്‍ നിന്നു വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു. തിങ്കളാഴ്ചയാണ് സംഭവം.
വില്ലേജ് ഓഫ് ഗോവ എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്കാണ് വീഡിയോ പങ്കുവച്ചത്. എന്നാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന വാദവുമായി അദ്ദേഹം രംഗത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം ഗോവ സൈബര്‍ സെല്ലിന് പരാതിയും നല്കി.
ഞാന്‍ അംഗമായ ഗ്രൂപ്പില്‍ ഒരു വീഡിയോ അയച്ചതിന്റെ ഉത്തരവാദിത്വം എന്റെ തലയിലാക്കുവാന്‍ ചിലര്‍ ക്രിമിനല്‍ ബുദ്ധിയോടെ ശ്രമിക്കുന്നുണ്ട്, ഞാന്‍ അംഗമായ അനേകം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട് അതില്‍ ഒന്നിലാണ് ഈ പ്രശ്നം.
ഇതില്‍ വീഡിയോ അയച്ചെന്ന് പറയുന്ന സമയത്ത് ഞാന്‍ ഉറങ്ങുകയായിരുന്നുവെന്ന് ചന്ദ്രകാന്ത് കവലെക്കര്‍ പറഞ്ഞു.
എന്റെ പേര് ചീത്തയാക്കുവാന്‍ ഇത്തരം ശ്രമങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. എന്നെ ജനങ്ങള്‍ക്കിടയില്‍ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ഇതൊക്കെ നടത്തുന്നത്.
ഇത്തരം ക്രിമിനല്‍ നടപടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്റെ ഫോണ്‍ ഹാക്ക് ചെയ്തായാളെ കണ്ടെത്തണം. അയാളാണ് ഈ മോശം ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം വിവാദമായതോടെ അദ്ദേഹത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി സ്ഥാനത്തിന്റെ മാന്യതയ്ക്ക് നിരയ്ക്കുന്നതല്ല മന്ത്രിയുടെ പ്രവര്‍ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ കക്ഷിയായ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിത വിഭാഗം പനാജിയിലെ വനിത പൊലീസ് സ്റ്റേഷനില്‍ മന്ത്രിക്കെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.