പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് കോളനിയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിൽ മദ്യത്തിൽ കലർന്ന വിഷദ്രാവകം എന്തെന്നറിയാൻ രാസപരിശോധന നടത്തും.
മൂന്നു ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നാണ് സൂചന. സാനിറ്ററൈസറാണോ വ്യാജച്ചാരായമാണോ എന്ന് ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് രാസപരിശോധന നടത്തുന്നത്.
കോളനിയിലെ രാമൻ (52), അയ്യപ്പൻ (55), അയ്യപ്പന്റെ മകൻ അരുണ്‍ (22), ശിവൻ (45), ശിവന്റെ സഹോദരൻ മൂർത്തി (33) എന്നിവരാണ് മരിച്ചത്. ഇതിൽ രാമൻ ഞായറാഴ്ച രാവിലേയും അയ്യപ്പൻ ഉച്ചയോടെയുമാണ് മരിച്ചത്.
ശിവൻ ഇന്നലെ പുലർച്ചെ വീട്ടിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂർത്തി ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോകുകയും സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് തളർന്നുവീണ് മരിക്കുകയുമായിരുന്നു.
സ്ത്രീകളടക്കം ഒന്‍പതുപേരാണ് ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലുള്ളത്. ഞായറാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. പുലർച്ചെ ആറിന് മരിച്ച രാമന്റെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ ശിവന്റെ വീട്ടിൽനിന്നു മദ്യം കഴിക്കുകയായിരുന്നു.
ഇവരാണ് ദുരന്തത്തിൽ പെട്ടത്. മരണത്തിനു മുന്‍പ് രാമനും ഇവിടെനിന്ന് മദ്യം കഴിച്ചിരുന്നു.സ്വാഭാവികമരണമെന്ന് കരുതി രാമന്റെയും അയ്യപ്പന്റെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു. ഇത് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.
മറ്റുള്ളവരുടേത് ഇന്ന് നടത്തും. പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം അന്വേഷണം നേരിട്ട് വിലയിരുത്തും. എക്സൈസും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. വകുപ്പുതല അന്വേഷണത്തിന് മന്ത്രി എ.കെ ബാലൻ ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ ആദിവാസി ഉൗരുകളിലും പ്രത്യേക പരിശോധനകൾ നടത്താൻ എക്സൈസ് തീരുമാനിച്ചു. അതിർത്തി പ്രദേശങ്ങളിലെ കള്ളുഷാപ്പുകളിലും പരിശോധന നടത്തും. പുറത്തുനിന്ന് മദ്യം കോളനിയിലെത്തിച്ചുനല്കിയെന്നാണ് നാട്ടുകാർ പറയുന്നത്.
ഇത്തരം സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചെല്ലങ്കാവ് കോളനിയിൽ ആകെ 23 കുടിലുകളാണ് ഉള്ളത്. ഇതിൽ സ്ത്രീകളും കുട്ടികളുമടക്കം 76 പേരാണ് താമസം. ഇരുളർ വിഭാഗക്കാരാണ് ഇവർ.
കൂലിപ്പണിയും കാലിവളർത്തലും വനത്തിൽനിന്ന് ഉത്പ്പന്നങ്ങൾ ശേഖരിക്കലുമാണ് പ്രധാന തൊഴിൽ.മരിച്ച ശിവന്റെ അനാഥരായ മൂന്നു മക്കളെ പട്ടികജാതി വകുപ്പ് ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരുടെ അമ്മ വർഷങ്ങൾക്കു മുന്‍പ് ഇവരെ ഉപേക്ഷിച്ചുപോയിരുന്നു.