വിയ്യൂർ: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം സംഘർഷത്തിലെത്തിയതിനെ തുടർന്ന് ഗുണ്ടാസംഘാംഗത്തിന് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാലിസ്റ്റിൽ പെട്ട പാടൂക്കാട് സ്വദേശി ബിജു വർഗീസിനെ (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതികൾ പെരിങ്ങാവിലെ ഒഴിഞ്ഞ പറന്പിൽ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണ് തർക്കവും സംഘർഷവുമുണ്ടായത്.
തുടർന്ന് തക്കാളി ബിജു എന്നറിയപ്പെടുന്ന നിരവധി കേസുകളിലെ പ്രതിയായ ബിജു ഇരുന്പുവടികൊണ്ട് ബിജു വർഗീസിന്റെ തലയിൽ അടിക്കുകയായിരുന്നുവത്രെ.തുടർന്ന് സംഘാംഗങ്ങൾ തമ്മിൽ ചെറിയ തോതിൽ ഏറ്റുമുട്ടലുമുണ്ടായി.
ശബ്ദം കേട്ട് അയൽവാസികൾ എത്തുന്നത് കണ്ട് സംഘാംഗങ്ങൾ പരിക്കേറ്റ ബിജുവിനെയും കൊണ്ട് സ്ഥലം വിടുകയും ബിജുവിനെ വാഹനാപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടുകയും ചെയ്തു.
ഇതിനിടെ നാട്ടുകാർ വിവരം നൽകിയതനുസരിച്ച് ആശുപത്രിയിലെത്തിയ വിയ്യൂർ പോലീസിനെ കണ്ട് ബിജുവിനെ എത്തിച്ചവർ ആശുപത്രിയുടെ പിന്നിലെ പാടം വഴി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ബിജുവിനെ ബന്ധുക്കളെത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വീടുകയറി ഗുണ്ടാ ആക്രമണം:വാഹനങ്ങൾ തീയിട്ടു
വടക്കാഞ്ചേരി: കുടിപ്പകയുടെ പേരിൽ വീടുകയറിയുള്ള ഗുണ്ടാ ആക്രമണത്തിൽ നിർത്തിയിട്ടിരുന്ന നാലു വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒന്നാംകല്ല് സ്വദേശി കുന്നത്ത് വീട്ടിൽ ജയന്റെ വീടാണ് ആക്രമിച്ചത്.
ഗുണ്ടാനേതാവ് കല്ലംപാറ സ്വദേശി സുരയുടെ നേതൃത്വത്തിലുള്ള സംഘമണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകളും, രണ്ട് ബൈക്കുകളും പൂർണ്ണമായും കത്തി നശിപ്പിച്ചു.
എന്നാൽ നേരത്തെ ജയനും സുരയും ഒന്നിച്ചായിരുന്നു. ഇടക്കാലത്ത് ഇരുവരും പിരിഞ്ഞിരുന്നു. മുന്പ് മെഡിക്കൽ കോളജിൽ കയറി സുര യുടെ സംഘത്തെ ആക്രമിച്ചതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവമെന്നാണ് പറയപ്പെടുന്നത്.
വിവരമറിഞ്ഞ് ഉടനെവടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. ഓപ്പറേഷൻ റെയ്ഞ്ചർ കാന്പയിന്റെ ഭാഗമായി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.