കണ്ണൂർ: പ്രതിഫലമില്ലാതെയുള്ള ഈ ഡോക്ടർമാരുടെ സേവനത്തിന് ഇന്ന് നൂറു ദിവസം തികയുന്നു. കോവിഡ് വ്യാപനത്തിന്റെ കാലയളവിലാണ് കണ്ണൂർ ഡെന്റൽ കോളജിലെ ഇരുപത്തിരണ്ടോളം ഹൗസ് സർജർമാർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ സേവനമനുഷ്ഠിക്കാൻ തയാറായത്.
കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഇന്റേൺഷിപ്പിന്റെ ഭാഗമായായിരുന്നു സേവനം. ഇന്റേൺഷിപ്പിന്റെ കാലാവധി കഴിഞ്ഞ് പലരും സേവനം അവസാനിപ്പിച്ചെങ്കിലും ഇതിൽ എട്ടുപേർ നൂറുദിവസമായി ഇപ്പോഴും കർമനിരതരായി സേവനം തുടരുകയാണ്.
സാധാരണ ഇന്റേൺഷിപ്പ് ചെയ്യുന്പോൾ സ്റ്റൈപ്പൻഡ് ലഭിക്കാറുണ്ട്. എന്നാൽ, പ്രതിഫലമില്ലാതെയാണ് ഇവരുടെ ജോലി. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കു കീഴിൽ അസിസ്റ്റന്റ് കളക്ടർ ശ്രീലക്ഷ്മി, കണ്ണൂർ ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.അരുൺ നാരായണൻ,
ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്റർ നോഡൽ ഓഫീസർ ഡോ.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ യുവതീ-യുവാക്കൾ പ്രതിഫലമില്ലാതെ ജൂലൈ 10 മുതൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്.
സ്വാബ് കളക്ഷൻ, സെന്റിനൽ സർവയ്ലൻസ് ക്യാമ്പുകൾ, പോർട്ടൽ എൻട്രി എന്നിങ്ങനെ വിഭാഗങ്ങൾ തിരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. കോവിഡ് കേസുകൾ ദിവസേന വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഇവരുടെ സേവനം തികച്ചും മാതൃകപരമാണ്.
ഡോ.നീരജ് മോഹൻ (പയ്യന്നൂർ), ഡോ.ആശിഷ് ജെ. ജോൺസൻ (കൊല്ലം), ഡോ.ആതിര അനിൽകുമാർ (കണ്ണൂർ), ഡോ.ടി.ജസീല (കണ്ണൂർ), ഡോ.എസ്.ശലഭ (കൊല്ലം), ഡോ. കെ.ടി.തസ്ലി (മലപ്പുറം), ഡോ.ടി.നാഷിദ (മലപ്പുറം), ഡോ.അനിൽഡ എം. എലിയാസ് (എറണാകുളം) എന്നിവരാണ് മാതൃകാപരമായ സേവനം തുടർന്നുകൊണ്ടിരിക്കുന്നത്.
മഹാമാരിയുടെ കാലയളവിൽ ഇങ്ങനെയൊരു സേവനം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ഡോ.നീരജ് മോഹൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇവരുടെ സേവനത്തെക്കുറിച്ച് ജില്ലാ കളക്ടർ ടി.വി. സുഭാഷ് വീഡിയോ തയാറാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.